| Saturday, 18th July 2020, 11:38 am

മഹാമാരിയിലും മുട്ടുമടക്കാതെ വിജയ്‌യുടെ 'ബിഗില്‍'; വിദേശരാജ്യങ്ങളില്‍ റീ-റിലീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡിനെ തുടര്‍ന്ന് വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസ് മുടങ്ങിയതോടെ വിഷമത്തിലായ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വിജയ്‌യുടെ അവസാനം ഇറങ്ങിയ ചിത്രമായ ബിഗില്‍ വിദേശ രാജ്യങ്ങളില്‍ റി റിലീസ് ചെയ്തിരിക്കുകയാണ്.

മാസ്റ്ററിന്റെ റിലീസിന്റെ കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ലെങ്കിലും ബിഗില്‍ മറ്റു രാജ്യങ്ങളില്‍ റിലീസ് ആവുന്നതിന്റെ ആഘോഷത്തിലാണ് ആരാധകര്‍. ജര്‍മനിയിലും ഫ്രാന്‍സിലും റീ-റിലീസ് നടത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ ശ്രീലങ്കയിലും ബിഗിലെത്തിയിരിക്കുന്നത്. വിജയ്‌യുടെ മെര്‍സലും സര്‍ക്കാരും മലേഷ്യയിലെ തിയറ്ററുകളില്‍ ഇപ്പോഴും ഓടുന്നുണ്ട്.

മാസങ്ങളോളം അടച്ചിട്ടതിന് ശേഷം കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് പല രാജ്യങ്ങളിലും തിയറ്ററുകള്‍ തുറന്നത്. രോഗം പടരുമെന്ന പേടിയില്‍ ജനങ്ങള്‍ തിയറ്ററുകള്‍ ഒഴിവാക്കുകയാണ് പലയിടത്തും. മുന്‍നിര നായകരുടെ ചിത്രങ്ങളിലൂടെ ജനങ്ങളെ തിയറ്ററിലേക്ക് തിരിച്ചെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്കയിലെ തിയറ്റര്‍ ഉടമകള്‍.

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിയറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പല സിനിമകളും ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തിരുന്നു. വിജയ്‌യുടെ മാസ്റ്ററും ഒ.ടി.ടിയില്‍ വരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നാലെ മാസ്റ്റര്‍ തിയറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളു എന്ന മറുപടിയുമായി നിര്‍മ്മാതാവായ സേവ്യര്‍ ബ്രിട്ടോ എത്തിയിരുന്നു.

തിയറ്ററുകള്‍ തുറക്കുന്ന സമയത്ത് മാസ്റ്റര്‍ പോലെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ പ്രേക്ഷകരെ തിരിച്ചുപ്പിടിക്കാന്‍ സഹായിക്കുമെന്നാണ് തിയറ്റര്‍ ഉടമകളും വിതരണ കമ്പനികളും പ്രതീക്ഷിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more