| Wednesday, 13th April 2022, 9:22 am

റെക്കോഡുകള്‍ വാരിക്കൂട്ടാനുറച്ച് ബീസ്റ്റ്; വെടിക്കെട്ടിന് തിരികൊളുത്തി ഫാന്‍സ് ഷോകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തില്‍ കത്തിക്കയറി വിജയ് ചിത്രം ബീസ്റ്റ്. കേരളത്തിലെ വിഷു-അവധിക്കാല മാമാങ്കത്തിന് തുടക്കം കുറിച്ചുകൊണ്ട് തിയേറ്ററുകളിലെത്തിയ ബീസ്റ്റ് ആഘോഷങ്ങളുടെ കമ്പക്കെട്ടിന് തിരികൊളുത്തി കഴിഞ്ഞിരിക്കുകയാണ്.

പുലര്‍ച്ചെ തന്നെ ആരംഭിച്ച ഫാന്‍സ് ഷോകള്‍ വിജയ് തരംഗത്തിന് മാറ്റുകൂട്ടുന്നവയാണ്. കോഴിക്കോട് മാത്രം 21 ഫാന്‍സ് ഷോകളാണ് ബീസ്റ്റിന് വേണ്ടി ഒരുക്കിയതെന്നാണ് ജില്ലാ ചെയര്‍മാന്‍ ലെനിന്‍ ദാസ് അറിയിച്ചു.

അതേസമയം വന്‍ അഡ്വാന്‍സ് ബുക്കിംഗ് ആണ് കേരളത്തിലും ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വിതരണക്കാരും തിയറ്റര്‍ ഉടമകളും വമ്പന്‍ ഇനിഷ്യല്‍ പ്രതീക്ഷിക്കുന്ന ചിത്രം പ്രദര്‍ശനങ്ങളുടെ എണ്ണത്തിലും മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.

വിജയ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ ഏറ്റവുമധികം സ്‌ക്രീന്‍ കൗണ്ട് ഉണ്ടാവാറുള്ള തിരുവനന്തപുരത്ത് ആദ്യ ദിനം ചിത്രത്തിന് 208 പ്രദര്‍ശനങ്ങളാണ് ഇതുവരെ ലിസ്റ്റ് ചെയ്ത് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.

ഇതില്‍ ഏരീസ് പ്ലെക്‌സ് മള്‍ട്ടിപ്ലെക്‌സിലാണ് ഏറ്റവുമധികം പ്രദര്‍ശനങ്ങള്‍. 41 പ്രദര്‍ശനങ്ങളാണ് ആദ്യദിനം ഏരീസില്‍ ഉള്ളത്. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ 31 പ്രദര്‍ശനങ്ങളും സെന്‍ട്രല്‍ മാള്‍ കാര്‍ണിവലില്‍ 21 പ്രദര്‍ശനങ്ങളുമുണ്ട്.

സമീപകാലത്ത് ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പോടെയെത്തുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. ഡോക്ടര്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ബീസ്റ്റിന് ലഭിച്ച പ്രേക്ഷകശ്രദ്ധയ്ക്ക് ഒരു കാരണമാണ്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ അടക്കമുള്ള പ്രീ-റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കെല്ലാം വന്‍ പ്രേക്ഷകശ്രദ്ധയാണ് ലഭിച്ചത്. 4.8 കോടി കാഴ്ചകളാണ് ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‌ലറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.

റിലീസിനു മുന്‍പേ റെക്കോഡുകള്‍ തീര്‍ത്താണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ട്രെയ്‌ലര്‍ പുറത്തുവന്ന് 24 മണിക്കൂറിനുള്ളില്‍ 22 മില്യണ്‍ പേരാണ് കണ്ടത്. ആദ്യഷോകളുടെ ടിക്കറ്റ് വില്‍പനയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ചിത്രത്തിലെ അറബിക് കുത്ത് എന്ന പാട്ടും റെക്കോഡ് ബുക്കില്‍ സ്ഥാനം പിടിച്ചിരുന്നു.

സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരനായ നായകനെയാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനകളാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ഒരുപാട് എക്‌സ്‌പ്ലോസീവുകള്‍ ഉപയോഗിച്ചിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം അനിരുദ്ധ് രവിചന്ദറിന്റെ ട്രാക്കുകളും ട്രെയ്‌ലറിനെ വേറെ ലെവലില്‍ എത്തിച്ചിരുന്നു.

മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍. നിര്‍മല്‍. ചെന്നൈയിലും ജോര്‍ജിയയിലുമായിട്ടായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം.

Content Highlight: Vijay Movie Beast, Fans Show

We use cookies to give you the best possible experience. Learn more