| Thursday, 25th July 2024, 8:44 pm

വിക്രത്തിന് മുമ്പ് വിജയ്ക്ക് ഈ കഥ ഇഷ്ടമായിരുന്നു; പക്ഷെ നടക്കാതെ പോയി: വിജയ് മില്‍ട്ടണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് മില്‍ട്ടണ്‍ന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ റോഡ് ആക്ഷന്‍ ചിത്രമായിരുന്നു പത്ത് എന്‍ട്രദുക്കുള്ളെ. വിക്രം നായകനായ ചിത്രത്തില്‍ സമന്ത ഇരട്ടവേഷത്തിലായിരുന്നു എത്തിയത്. ഇവര്‍ക്ക് പുറമെ പശുപതി, രാഹുല്‍ ദേവ്, അഭിമന്യു സിങ്ങ് എന്നിവരും ഈ സിനിമക്കായി ഒന്നിച്ചിരുന്നു. എന്നാല്‍ ഈ സിനിമയുടെ കഥ വിജയ്‌യോട് പറഞ്ഞിരുന്നെന്നും താരത്തിന് സിനിമ ഓക്കെയായിരുന്നു എന്നും പറയുകയാണ് സംവിധായകന്‍ വിജയ് മില്‍ട്ടണ്‍. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുപാട് നാള് മുമ്പ് തന്നെ അതിന്റെ സ്‌ക്രിപ്റ്റ് എഴുതിയിരുന്നു. ഒരു പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക് ആവശ്യമുണ്ട്. അത് അവളെ അറിയിക്കാതെ ഹീറോ അവളെയും കൊണ്ട് അയാളുടെ അടുത്തേക്ക് പോകുകയാണ്. അത് വെച്ച് ഞാന്‍ ആ കഥ മൊത്തത്തില്‍ എഴുതി. എന്നാല്‍ ആ പെണ്ണിനെ അയാള്‍ക്ക് എന്തിനാണ് ആവശ്യമായി വരുന്നത് എന്ന പോയിന്റ് കണ്ടെത്താന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. അതിനായി ആയിരം പോയിന്റുകള്‍ ചിന്തിക്കുമ്പോള്‍ അതൊക്കെ വെച്ച് ആയിരം സിനിമകള്‍ വന്നിട്ടുണ്ട്. ഒന്നിലും വന്നിട്ടില്ലാത്ത ഫ്രഷ് കാരണം ആവശ്യമായിരുന്നു.

അങ്ങനെ ഒരുപാട് ചിന്തിച്ചിട്ടാണ് ആ പോയിന്റ് കിട്ടിയത്. ആള്‍മാറാട്ടത്തിന് വേണ്ടിയാണ് ആ പെണ്‍കുട്ടിയെ കടത്തി കൊണ്ടുവരാന്‍ അയാള്‍ ആവശ്യപ്പെടുന്നത്. കഥ അങ്ങനെ കൊണ്ടുവന്നതും എനിക്ക് കോണ്‍ഫിഡന്‍സായി. ഈ സിനിമ ക്ലിക്കാകുമെന്ന് തോന്നി. വിജയ് സാറിനോടും തെലുങ്കില്‍ രാം പൊതിനേനിയോടും പറഞ്ഞ് ഓക്കെയായ കഥയായിരുന്നു ഇത്. പ്രൊജക്റ്റ് കണ്‍വേര്‍ട്ടായി നടക്കാതെ പോയതാണ്. വിജയ് സാറിനോട് പറഞ്ഞതും സാറ് എ.വി.എമ്മിനും, പ്രകാശ് രാജിനും അയച്ചിരുന്നു. ലിംങ്ക സ്വാമി പ്രൊഡ്യൂസ് ചെയ്യാനിരുന്നതായിരുന്നു. എല്ലായിടത്തും പോയി പ്രൊജക്റ്റിനെ കുറിച്ച് സംസാരിച്ചു. പക്ഷെ നടക്കാതെ നീണ്ടു പോകുകയായിരുന്നു.

ഞാന്‍ ഈ കഥ എഴുതി തുടങ്ങിയത് ഒരു പോയിന്റ് വെച്ചായിരുന്നു. തമിഴ് സിനിമയില്‍ സാധാരണ ഹീറോയ്ക്ക് ഹീറോയിനെ കണ്ട് ഇഷ്ടം തോന്നുകയാണ് ചെയ്യുക. ഇവിടെ വില്ലന് ഹീറോയിനെ കണ്ട് ഇഷ്ടമാകണം. അതാണ് പത്ത് എന്‍ട്രദുക്കുള്ളെ. ഹീറോയും പശുപതിയും തമ്മില്‍ ഒരു ചേസ് നടക്കുകയാണ്. പടത്തിലെ ഓപ്പണിങ് ചേസാണ് അത്. രണ്ടുപേരും ഒരു തീം പാര്‍ക്ക് ക്രോസ് ചെയ്യുമ്പോളാണ് ഹീറോയിനെ കാണുന്നത്. ഹിറോ ഹെല്‍പ് ചെയ്തിട്ട് പോകും. പക്ഷെ വില്ലന് അവളെ കണ്ടതും ഇഷ്ടമാകും,’ വിജയ് മില്‍ട്ടണ്‍ പറഞ്ഞു.


Content Highlight: Vijay Milton Talks About 10 Endrathukulla Movie

We use cookies to give you the best possible experience. Learn more