മലയാളത്തില്‍ നടനായും സംവിധായകനായും തിളങ്ങിയ വ്യക്തിയാണ് വിജയ് മേനോന്‍. 1981ല്‍ ഭരതന്‍ സംവിധാനം ചെയ്ത നിദ്രയില്‍ നായകനായിട്ടാണ് വിജയ് മേനോന്‍ സിനിമയിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിക്കുകയും ഏതാനും സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
തന്റെ കഥാപാത്രങ്ങള്‍ സ്ഥിരമായി ഇംഗ്ലീഷ് ഡയലോഗ് പറയുന്നതിനാല്‍ പലരും ഇപ്പോഴും തന്നെ സായിപ്പ് എന്ന് കളിയാക്കി വിളിക്കാറുണ്ടെന്ന് പറയുകയാണ് വിജയ് മേനോന്‍.
തിരക്കഥാകൃത്തുക്കള്‍ തന്റെ കഥാപാത്രങ്ങള്‍ക്ക് കൂടുതലായും ഇംഗ്ലീഷ് ഡയലോഗുകള്‍ തന്നെ എഴുതുമെന്നും താന്‍ ഇംഗ്ലീഷ് സംസാരിക്കണമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോള്‍ കിട്ടുന്ന സിനിമകളില്‍ എന്റെ കഥാപാത്രങ്ങള്‍ക്ക് അവര്‍ കൂടുതലായും ഇംഗ്ലീഷ് ഡയലോഗുകള്‍ തന്നെ എഴുതും. ഞാന്‍ ഇംഗ്ലീഷില്‍ സംസാരിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.
ടൊവിനോയ്‌ക്കൊപ്പം ഒരു പടം ചെയ്തു. അതില്‍ എന്റെ ഡയലോഗുകളെല്ലാം മലയാളത്തിലാണ് എഴുതിയത്. എന്നാല്‍ ഇതില്‍ കുറേ ഡയലോഗുകള്‍ ഇംഗ്ലീഷാക്കണമെന്നും എന്നാലെ ആ ഫീല്‍ ലഭിക്കുകയുള്ളൂ എന്നും ഡയറക്ടര്‍ എന്നോട് പറഞ്ഞു. അതുകൊണ്ട് ഞാന്‍ പല ഡയലോഗുകള്‍ ഇംഗ്ലീഷിലാക്കി.
അമ്മ വിദേശത്ത് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് എന്നെ നോക്കാനായി ഒരു ഇംഗ്ലീഷുകാരിയെയാണ് കെയര്‍ ടേക്കറായി വെച്ചിരുന്നത്. ആ ചേച്ചിയാണ് എന്നെ ആദ്യമായി ഈ ഭാഷ പഠിപ്പിക്കുന്നത്,’ വിജയ് മേനോന്‍ പറഞ്ഞു.
സിനിമയില്‍ വരുന്ന സമയത്ത് ഇംഗ്ലീഷിന്റെ പേരില്‍ കളിയാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും പലരും തന്നെ സായിപ്പ് എന്ന് തമാശപൂര്‍വം വിളിക്കാറുണ്ടെന്നും വിജയ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.
‘ഇപ്പോഴും ചിലര്‍ എന്നെ സായിപ്പെന്ന് വിളിക്കും. അതൊന്നും ഒരു കുഴപ്പമുള്ള കാര്യമല്ല, അവരുടെ കണക്കുകൂട്ടലുകളല്ലേ അത്,’ വിജയ് മേനോന്‍ പറഞ്ഞു.
Content Highlight: Vijay Menon on his characters speaking English in films