| Monday, 28th December 2020, 6:08 pm

തമിഴ്‌നാട്ടില്‍ തീയ്യറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണം; മാസ്റ്റര്‍ റിലീസിനൊരുങ്ങവെ പളനിസ്വാമിയെ കണ്ട് ഇളയദളപതി വിജയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ ചിത്രം മാസ്റ്റര്‍ റിലീസിന് ഒരുങ്ങവെ തമിഴ്‌നാട് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നടന്‍ വിജയ്. സിനിമാ തിയേറ്ററില്‍ ആളുകളെ കയറ്റുന്നതിനുള്ള നിയന്ത്രണം എടുത്തു കളയാന്‍ ആവശ്യപ്പെട്ടാണ് വിജയ് മുഖ്യമന്ത്രി പടപ്പാടി കെ. പളനിസ്വാമിയെ സന്ദര്‍ശിച്ചത്.

കൊവിഡിന് ശേഷം ആദ്യമായി തിയേറ്റര്‍ റിലീസിനൊരുങ്ങുന്ന ചിത്രമാണ് മാസ്റ്റര്‍. എന്നാല്‍ തിയേറ്ററുകള്‍ തുറക്കുന്ന മുറയ്ക്ക് അമ്പത് ശതമാനം പേരെ മാത്രമേ തമിഴ്‌നാട്ടില്‍ തീയ്യറ്ററില്‍ അനുവദിക്കുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉറപ്പുവരുത്താനായിരുന്നു ഇത്.

എന്നാല്‍ തിയേറ്ററുകള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണം സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിക്കുമെന്നും അതിനാല്‍ നിയന്ത്രണം മാറ്റി മുഴുവന്‍ ആള്‍ക്കാരെയും പ്രവേശിപ്പിക്കണമെന്നും വിജയ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അടുത്ത വര്‍ഷം പൊങ്കലിന് മാസ്റ്റര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് ആലോചന. റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച ഉച്ചയോടെ പുറത്ത് വരുമെന്ന അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു.

ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.

ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vijay meets Tamilnadu CM Edappadi K Palaniswami Master release

We use cookies to give you the best possible experience. Learn more