ന്യൂദല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുവകകള്‍ കണ്ടു കെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 1.6 ദശലക്ഷം രൂപയുടെ സ്വത്ത് വകകളാണ് പിടിച്ചെടുത്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യന്‍ രൂപ ഏകദേശം 14 കോടിയുടെ മൂല്യമുള്ള സ്വത്തുവകകളാണ് പിടിച്ചെടുത്തത്.
‘കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അന്വേഷണം സംഘടിപ്പിച്ചത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക വിദേശത്തേക്ക് അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി,’ ഇ. ഡിയുടെ പ്രസ്താവനയില്‍ പറയുന്നു.
11,231.70 കോടിയുടെ മൂല്യമുള്ള സ്വത്ത്‌വകകള്‍ നേരത്തെ കണ്ടുകെട്ടിയിരുന്നു.
സര്‍ക്കാറിന് നല്‍കാനുള്ള തുക പൂര്‍ണമായും തിരികെ നല്‍കാന്‍ തയ്യാറാണെന്നും തുക സ്വീകരിച്ച് തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും വിജയ് മല്യ അടുത്തിടെ പറഞ്ഞിരുന്നു.
കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായിയാണ് വിജയ് മല്യ. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകള്‍ വിജയ് മല്യക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്.
കൊവിഡ് റിലീഫ് പാക്കേജായി 20 ലക്ഷം കോടി രൂപ അനുവദിച്ച കേന്ദ്രസര്‍ക്കാറിനെ അഭിനന്ദിച്ചുകൊണ്ട് ഇട്ട ട്വീറ്റിലാണ് താന്‍ പണം തിരിച്ചടക്കാന്‍ തയ്യാറാണെന്നും കേസ് അവസാനിപ്പിക്കണമെന്നും വിജയ് മല്യ ആവശ്യപ്പെട്ടത്.
ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത്, തിരിച്ചടക്കാതെ മല്യ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു.