ലണ്ടന്‍/ന്യൂദല്‍ഹി: കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള വഴിയൊരുങ്ങുന്നു.
മല്യക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, തട്ടിപ്പ് എന്നീ കേസുകള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ യു.കെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അനുമതി നിഷേധിച്ചു.
ഇതോടെ ഇന്ത്യയ്ക്ക് തന്നെ കൈമാറാനുള്ള തീരുമാനത്തെ എതിര്‍ക്കാനുള്ള നിയമപരമായ വഴികളെല്ലാം മല്യയ്ക്ക് മുന്നില്‍ അവസാനിച്ചിരിക്കുകയാണ്.
ഇന്ത്യ-യു.കെ കൈമാറല്‍ ഉടമ്പടി പ്രകാരം വിജയ് മല്യയെ 28 ദിവസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷ.
ബ്രിട്ടീഷ് നിയമമനുസരിച്ച് 28 ദിവസത്തെ കാലാവധി ഉടന്‍ പ്രാബല്യത്തില്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ എന്‍.ഡി.ടിവിയോട് പറഞ്ഞു. എല്ലാം നടപടിക്രമമനുസരിച്ച് പോയാല്‍ 30 ദിവസത്തിനുള്ളില്‍ മല്യ ഇന്ത്യയിലുണ്ടാകുമെന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ വ്യക്തമാക്കി.
2017 ഫെബ്രുവരി ഒമ്പതിനാണ് മല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടനോട് അഭ്യര്‍ത്ഥിക്കുന്നത്. 2017 ഏപ്രില്‍ 18 നാണ് മല്യ ഇംഗ്ലണ്ടില്‍ അറസ്റ്റിലായത്. അതിനുശേഷം മല്യ ജാമ്യത്തിലാണ്. മാസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവില്‍ ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടിരുന്നു.
ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത് വിദേശത്തേയ്ക്കു കടന്നത്. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകള്‍ വിജയ് മല്യക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്.
അതേസമയം, സര്‍ക്കാറിന് നല്‍കാനുള്ള തുക പൂര്‍ണമായും തിരികെ നല്‍കാന്‍ തയ്യാറാണെന്നും തുക സ്വീകരിച്ച് തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിജയ് മല്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു മല്യയുടെ ആവശ്യം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക