ഹൈദരാബാദ്: വിജയ് മല്യ സമര്‍ത്ഥനാണെന്ന് കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. ആദിവാസിക്ഷേമ മന്ത്രിയായ ജുവാല്‍ ഒറാമാണ് മല്യ മിടുക്കനാണെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലുള്ളവര്‍ ബാങ്ക് ലോണുകളെടുത്ത് വിജയകരമായി സംരംഭകരായി മാറണമെന്നും പൊതുപരിപാടിയില്‍ പ്രസ്താവിച്ചത്. ദേശീയ ആദിവാസി സംരംഭക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നിങ്ങളെല്ലാം വിജയ് മല്യയെ വിമര്‍ശിക്കുകയാണ്. എന്നാല്‍ അയാള്‍ സമര്‍ത്ഥനായ ഒരാളാണ്. മിടുക്കരും ബുദ്ധിശാലികളുമായ ചിലരെ അയാള്‍ ജോലിക്കെടുത്തു. ബാങ്കുകളും രാഷ്ട്രീയക്കാരും സര്‍ക്കാരുമായി ചില ഇടപാടുകളില്‍ ഏര്‍പ്പെട്ടു. അവരെ വിലയ്ക്കു വാങ്ങിച്ചു.”
Also Read: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം 2019 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ആരംഭിക്കും: അമിത് ഷാ
“സമര്‍ത്ഥരാവുന്നതില്‍ നിന്നും ആരാണ് നിങ്ങളെ തടയുന്നത്? ആദിവാസികള്‍ വ്യവസ്ഥിതിയെ സ്വാധീനിക്കേണ്ടതില്ലെന്ന് ആരാണ് പറഞ്ഞത്? നിങ്ങള്‍ക്കും ബാങ്കുകളെ സ്വാധീനിക്കാമല്ലോ.” ഒറാം പറയുന്നു.
സംരംഭകര്‍ വളര്‍ന്നു വരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുന്നതിനിടയിലാണ് മന്ത്രി മല്യയുടെ ഉദാഹരണം സൂചിപ്പിച്ചത്. അഭിനന്ദനസൂചകമായ പരാമര്‍ശമാണിതെന്ന ആരോപണമാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയിലും മറ്റും സംവരണങ്ങളേര്‍പ്പെടുത്തിയിട്ടും പട്ടികവിഭാഗക്കാരെ മറ്റുള്ളവര്‍ക്കൊപ്പം പരിഗണിക്കാത്തതാണ് പിന്നോട്ടടിക്കുന്ന ഘടകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന ഭയം കാരണം ചിലര്‍ മുഴുവന്‍പേര് വെളിപ്പെടുത്താന്‍ പോലും തയ്യാറാകാത്ത അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.
Also Read: അഭിമന്യു വധം; തിരുവനന്തപുരത്ത് രണ്ട് പേര്‍ കൂടി പിടിയില്‍
വിവിധ പദ്ധതികളിലൂടെ ആദിവാസികളിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഒറാം ചടങ്ങില്‍ പറഞ്ഞു.