ലണ്ടന്‍: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയെ തിരികെ എത്തിക്കാന്‍ വഴിതുറക്കുന്നു. മല്യയെ ഇന്ത്യക്കു വിട്ടുനല്‍കാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണു മല്യയുടെ വാദങ്ങള്‍ തള്ളി നാടുകടത്തലിന് ഉത്തരവിട്ടത്
9000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നടപടി. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചതിനെ തുടര്‍ന്നു 2016 മാര്‍ച്ചിലാണ് വിജയ് മല്യ യുകെയിലേക്കു കടന്നത്.
2017 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്. പണം വെളുപ്പിക്കല്‍ കേസില്‍ സ്‌കോട്ട്ലാന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. പണം തിരിച്ചടയ്ക്കുന്നതിനുള്ള എല്ലാം ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഈ വര്‍ഷമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ വിജയ് മല്യ അറിയിച്ചിരുന്നു.
എന്നാല്‍ മല്യക്കു മേല്‍ക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. പതിനാല് ദിവസത്തിനുള്ളില്‍ മല്യക്കു മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാം.