യു.കെ കോടതിയിലെ രഹസ്യനടപടികളെക്കുറിച്ച് ധാരണയില്ല; മല്ല്യയെ തിരികെ എത്തിക്കാന്‍ വൈകുന്നതില്‍ സുപ്രീം കോടതിയോട് കേന്ദ്രം
national news
യു.കെ കോടതിയിലെ രഹസ്യനടപടികളെക്കുറിച്ച് ധാരണയില്ല; മല്ല്യയെ തിരികെ എത്തിക്കാന്‍ വൈകുന്നതില്‍ സുപ്രീം കോടതിയോട് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th October 2020, 7:26 pm

ന്യൂദല്‍ഹി: വിവാദ വ്യവസായി വിജയ് മല്ല്യയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് യു.കെയില്‍ നടക്കുന്ന രഹസ്യ നടപടികളെക്കുറിച്ച് ധാരണയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സുപ്രീം കോടതിയില്‍.

മല്ല്യയെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യു.കെയിലെ പരമോന്നത നീതിപീഠം ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇതുവരെയായും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

” യു.കെ കോടതിയിലെ നടപടികളെക്കുറിച്ച് സര്‍ക്കാറിന് അറിവില്ല. വിജയ് മല്ല്യയെ നാടുകടത്താനുള്ള ഉത്തരവിട്ട കോടതി വിധിയില്‍ സര്‍ക്കാര്‍ കക്ഷിയുമല്ല” തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ പറഞ്ഞു.

മല്ല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനുളള നടപടികള്‍ വൈകുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം.

ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് മല്ല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്ന നടപടികള്‍ വൈകുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് തേടിയത്. കേസുമായി ബന്ധപ്പെട്ട് നവംബര്‍ 2ന് കോടതി വീണ്ടും വാദം കേള്‍ക്കും.

വിജയ് മല്ല്യയുടെ പിടിച്ചെടുത്ത സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മറ്റ് ബാങ്കുകളും കോടതിയെ സമീപിച്ചിരിന്നു.

മല്ല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. 6203 കോടിയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാനാണ് ബാങ്കുള്‍ ഉദ്ദേശിക്കുന്നത്. വായ്പ തട്ടിപ്പ് നടത്തിയ വിജയ് മല്ല്യ 2016ലാണ് യു.കെയിലേക്ക് കടന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vijay Mallya Extradiction: not aware about the secret proceeding in UK court centre to sc