| Thursday, 4th June 2020, 8:28 am

'അവര്‍ എന്താണ് പറയുന്നതെന്ന് അവര്‍ക്കേ അറിയൂ'; മാധ്യമ റിപ്പോര്‍ട്ടുകളെ തള്ളി വിജയ് മല്യ, ഉടന്‍ ഇന്ത്യയില്‍ എത്തില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ വിവാദ വ്യവസായി വിജയ് മല്യയെ ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കില്ലെന്ന് റിപ്പോര്‍ട്ട് ചെയ്ത് ടൈംസ് ഓഫ് ഇന്ത്യ. മല്യയെ ഉടന്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് നിരവധി റിപ്പോര്‍ട്ടുകളാണ് വന്നത്. ബുധനാഴ്ച രാത്രി തന്നെ മല്യയെയും കൊണ്ട് സി.ബി.ഐ, ഇ.ഡി അധികൃതര്‍ ലണ്ടനില്‍ നിന്ന് തിരിച്ചു എന്നും ചിലര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ വിജയ് മല്യയുമായി ബന്ധപ്പെട്ടവര്‍ ഈ വാര്‍ത്തകളെ നിഷേധിച്ചു. ബുധനാഴ്ച രാത്രി തന്നെ അദ്ദേഹം മടങ്ങിയെന്നതിനെ കുറിച്ച് തനിക്ക് വിവരമൊന്നുമില്ലെന്ന് വിജയ് മല്യയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പ്രതികരിച്ചു.

ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങുന്നുവെന്നും മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ആയിരിക്കും ഇനിയുണ്ടാവുക എന്നതിനെ കുറിച്ച് എന്ത് പറയുന്നു എന്ന ടൈംസ് ഓഫ് ഇന്ത്യയുടെ ചോദ്യത്തിന് വിജയ് മല്യ വാട്‌സ്ആപ് സന്ദേശത്തിലൂടെ പ്രതികരിച്ചു. അവര്‍ ‘എന്താണ് പറയുന്നത് അവര്‍ക്കേ അറിയൂ’ എന്നായിരുന്നു വിജയ് മല്യയുടെ പ്രതികരണം.

ബുധനാഴ്ച രാത്രി വിജയ് മല്യ ഇന്ത്യയിലേക്ക് മടങ്ങിയിട്ടില്ലെന്നും അടുത്തെങ്ങും അതിനുള്ള സാധ്യതയില്ലെന്നും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. കൈമാറല്‍ നടപടികളൊന്നും ഇപ്പോള്‍ നടക്കുന്നില്ല. സി.ബി.ഐയുടെ ഒരു പഴയ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്തരീക്ഷത്തില്‍ മാറ്റം വന്നിട്ടില്ല. അതിനാല്‍ തന്നെ കൈമാറ്റം വൈകുമെന്നും അദ്ദേഹം പറഞ്ഞു.

വിജയ് മല്യയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട രേഖകളില്‍ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ നിയമപരമായ കാരണങ്ങളാല്‍ ഒപ്പിട്ടിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നതെന്നും ടൈംസ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ ബാങ്കുകളിലായി 9000 കോടി രൂപ കിട്ടാക്കടമാക്കിയ ശേഷമാണ് മല്യ വിദേശത്തേക്ക് കടന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more