ന്യൂദല്‍ഹി: വിവാദ വ്യവസായി വിജയ് മല്ല്യയെ ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നത് എളുപ്പമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അതേസമയം ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ മല്യ ലണ്ടന്‍ കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ കാലാവധി തീര്‍ന്നിട്ടുണ്ടെന്നും മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതു സംബദ്ധിച്ച് ബ്രിട്ടണുമായി നിരന്തര ചര്‍ച്ചകളിലുമാണെന്ന് വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
ബ്രിട്ടണില്‍ അഭയം നല്‍കണമെന്നാവശ്യപ്പെട്ട് മല്യ ഇക്കഴിഞ്ഞ ജൂണില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇത് പരിഗണിക്കരുതെന്ന് ബ്രിട്ടണോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നേരത്തെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനുള്ള കോടതി ഉത്തരവിനെതിരെ മല്യ ലണ്ടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ ആണ് മല്ല്യ അപ്പീല്‍ നല്‍കിയത്.
തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് മല്ല്യയെ ഇന്ത്യക്ക് കൈമാറുന്നത്. ഇതിനെതിരെയാണ് മല്ല്യയുടെ അപ്പീല്‍. അതേസമയം മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവില്‍ ഒന്നിലധികം തെറ്റുകളുണ്ടെന്ന് മല്യയുടെ അഭിഭാഷകര്‍ ആരോപിച്ചിരുന്നു.
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള എല്ലാ തെളിവുകളും കണക്കിലെടുക്കാത്തതിനാല്‍ ജഡ്ജി എമ്മ അര്‍ബുത്നോട്ടിന്റെ 2018 ലെ കൈമാറല്‍ വിധിയില്‍ ”ഒന്നിലധികം പിശകുകള്‍” ഉണ്ടെന്ന് മല്ല്യയുടെ അഭിഭാഷകന്‍ ക്ലെയര്‍ മോണ്ട്ഗോമറി പറഞ്ഞിരുന്നു.
2017 ഫെബ്രുവരി ഒമ്പതിനാണ് മല്ല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടനോട് അഭ്യര്‍ത്ഥിക്കുന്നത്. 2017 ഏപ്രില്‍ 18 നാണ് മല്ല്യ ഇംഗ്ലണ്ടില്‍ അറസ്റ്റിലായത്.
അതിനുശേഷം മല്യ ജാമ്യത്തിലാണ്. മാസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവില്‍ ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടിരുന്നു.
തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് മല്ല്യയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി.
വിജയ് മല്ല്യയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് യു.കെയില്‍ നടക്കുന്ന രഹസ്യ നടപടികളെക്കുറിച്ച് ധാരണയില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സുപ്രീം കോടതിയില്‍ അറിയിച്ചത്.
മല്ല്യയെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യു.കെയിലെ പരമോന്നത നീതിപീഠം ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇതുവരെയായും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞിരുന്നു.
യു.കെ കോടതിയിലെ നടപടികളെക്കുറിച്ച് സര്‍ക്കാറിന് അറിവില്ല. വിജയ് മല്ല്യയെ നാടുകടത്താനുള്ള ഉത്തരവിട്ട കോടതി വിധിയില്‍ സര്‍ക്കാര്‍ കക്ഷിയുമല്ല” എന്നായിരുന്നു തുഷാര്‍ മേത്തയുടെ പ്രതികരണം.
ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് മല്ല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്ന നടപടികള്‍ വൈകുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് തേടിയത്. കേസുമായി ബന്ധപ്പെട്ട് നവംബര്‍ 2ന് കോടതി വീണ്ടും വാദം കേള്‍ക്കും.
അതേസമയം സുപ്രീം മല്ല്യയെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് അറിവില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനയ്ക്കെതിരെ ശിവസേന രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് എങ്ങനെ വിഷയത്തില്‍ ഒന്നുമറിയില്ലെന്ന് പറയാനാകുമെന്ന് ശിവസേന ചോദിച്ചിരുന്നു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സുശാന്ത് സിങ് രജ്പുതുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസിന്റെ എല്ലാ വിശദാംശങ്ങളുമറിയാം. ഹാത്രാസ് കേസിലെ ഗൂഢാലോചനയെക്കുറിച്ചും എല്ലാം അറിയാം. പക്ഷേ കോടികള്‍ അപഹരിച്ച് വിദേശത്തേക്ക് കടന്ന മല്ല്യയെക്കുറിച്ച് ഒന്നുമറിയില്ല. സാമ്നയിലെഴുതിയ മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights;Vijay Mallays Extradiction From Britain Is Not Possible Says Centre