'2026ല്‍ വിജയ്‌യെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തും'
national news
'2026ല്‍ വിജയ്‌യെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th February 2024, 12:29 pm

 

ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും വിജയിക്കാന്‍ തമിഴ്‌നാട് വെട്രി കഴകം പ്രവര്‍ത്തിക്കണമെന്ന് വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്. ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നേതാവായിരിക്കും വിജയ് എന്നും അദ്ദേഹം പറഞ്ഞു.

2026ല്‍ വിജയ്‌യെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ തൂത്തുക്കുടിയിലോ നാഗപട്ടണത്തോ മത്സരിക്കാനാണ് വിജയ് ആലോചിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍

ആദ്യം സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആലോചിക്കുന്ന അദ്ദേഹം, പാര്‍ട്ടിയുടെ ആദ്യ സമ്മേളനം തിരുനെല്‍വേലിയിലോ തൂത്തുക്കുടിയിലോ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആദ്യ സമ്മേളനത്തില്‍ പാര്‍ട്ടി ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ഔദ്യോഗിക ചിഹ്നവും കൊടിയും പുറത്തുവിടുകയും ചെയ്യും.

ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിയുടെ എക്‌സിക്യുട്ടീവ് യോഗം ചെന്നൈയില്‍ ചേര്‍ന്നിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിജയ് മക്കള്‍ ഇയക്കം ബുസി ആനന്ദാണ് അധ്യക്ഷനായതെന്നും ചെന്നൈയില്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈനായാണ് വിജയ് യോഗത്തില്‍ പങ്കെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് പുറമേ കേരളത്തില്‍ നിന്നുളള വിജയ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തതായാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തമിഴ്‌നാട് കഴിഞ്ഞാല്‍ താരത്തിന് ഏറ്റവും കൂടുതല്‍ ആരാധകരുളള സംസ്ഥാനം കൂടിയാണ് കേരളം. ഇക്കാരണത്താല്‍ കേരളവും വിജയ് യുടെ രാഷ്ട്രീയ ഭൂമികയിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

അഞ്ച് മിനിട്ടോളം താരം യോഗത്തില്‍ സംസാരിച്ചു. യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിജയ് തന്റെ സങ്കടവും രേഖപ്പെടുത്തി. ജനങ്ങളെ കാണുമ്പോള്‍ എന്നും ചിരിച്ച മുഖത്തോടെ അവരുടെ പ്രശ്‌നങ്ങളും സങ്കടങ്ങളും കേള്‍ക്കണം. ഒരിക്കലും വിമര്‍ശനത്തില്‍ തളരരുതെന്ന് യോഗത്തില്‍ സംസാരിച്ചു.

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായകശക്തിയാകാനൊരുങ്ങിയാണ് വിജയ് ‘തമിഴക വെട്രി കഴകം’ എന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

ചെന്നൈയില്‍ നടന്ന യോഗത്തില്‍ തന്റെ ഫാന്‍സ് ക്ലബ്ബായ ‘വിജയ് മക്കള്‍ ഇയക്കം’ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് വിജയ് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയിക്കുന്നത്.

‘തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയെ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഞങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കുന്നു. വരാനിരിക്കുന്ന 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയും തമിഴ്‌നാട്ടില്‍ അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം ഉണ്ടാക്കുകയെന്നതുമാണ് ഞങ്ങളുടെ ലക്ഷ്യം,’ പാര്‍ട്ടി പ്രഖ്യാപിച്ച് വിജയ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2024ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഒരു പാര്‍ട്ടിക്കും പിന്തുണ നല്‍കില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയം തനിക്ക് ഒരു ഹോബിയല്ലെന്നും ഇത് എന്റെ അഗാധമായ അഭിനിവേശമാണെന്നും അതില്‍ എന്നെത്തന്നെ പൂര്‍ണമായും അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

 

 

Content Highlight: Vijay Makkal Iyakkam Secretary said that Vijay will be made the Chief Minister of Tamil Nadu in 2026