ആരാധകക്കൂട്ടം രാഷ്ട്രീയ പാര്‍ട്ടിയായി മാറുന്നു, സൂപ്പര്‍താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് കാത്ത് തമിഴ് സിനിമാലോകം
Entertainment
ആരാധകക്കൂട്ടം രാഷ്ട്രീയ പാര്‍ട്ടിയായി മാറുന്നു, സൂപ്പര്‍താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് കാത്ത് തമിഴ് സിനിമാലോകം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th January 2024, 5:56 pm

തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള നടന്മാരില്‍ ഓരാളാണ് വിജയ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലിയോ എന്ന സിനിമ റെക്കോഡ് കളക്ഷനാണ് സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. തമിഴിലെ താരത്തിന്റെ ആരാധക പിന്തുണ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഓണ്‍സ്‌ക്രീനില്‍ സാമൂഹിക പ്രസക്തിയുള്ള സിനിമകള്‍ ചെയ്യുന്നതിനോടൊപ്പം ഓഫ് സ്‌ക്രീനില്‍ ആനുകാലിക വിഷയങ്ങളില്‍ വിജയ് എടുക്കുന്ന നിലപാടുകള്‍ വിവാദമാകാറുണ്ട്.

ഏറെക്കാലമായി കേട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവേശനം എന്ന അഭ്യൂഹം വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. വിജയ്‌യുടെ ഔദ്യോഗിക ഫാന്‍സ് അസോസിയേഷനായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയപ്പാര്‍ട്ടിയാക്കി മാറ്റാന്‍ ചെന്നൈയിലെ പനയൂരില്‍ ചേര്‍ന്ന സംസ്ഥാന യോഗത്തില്‍ തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കം.

2021ല്‍ നടന്ന തമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയ് മക്കള്‍ ഇയക്കം മത്സരിക്കുകയും 129 ഇടങ്ങളില്‍ വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇനി വരാന്‍ പോകുന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ ഒറ്റക്ക് മത്സരിക്കാന്‍ സാധ്യതയില്ലെന്നും, ഏതെങ്കിലും മുന്നണിക്ക് പിന്തുണ നല്‍കാനാണ് സാധ്യതയെന്നുമാണ് സൂചന. ഏത് മുന്നണിയെയാവും പിന്തുണക്കുക എന്ന് ഇപ്പോള്‍ വ്യക്തമല്ല.

മക്കള്‍ ഇയക്കത്തിനോടൊപ്പം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമോ എന്നും സിനിമാലോകം ഉറ്റുനോക്കുന്നു. നേരത്തെ വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ അറിയിച്ചെങ്കിലും വിജയ് അത് തള്ളിക്കളഞ്ഞിരുന്നു. സിനിമയില്‍ വിജയ് എടുക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. 2017ല്‍ റിലീസായ മെര്‍സല്‍ എന്ന സിനിമയില്‍ ബി.ജെ.പി ഗവണ്മെന്റിനെതിരെ സംസാരിച്ചത് വിവാദമാവുകയും വിജയ് സൈബര്‍ ആക്രമണം നേരിടുകയും ചെയ്തിരുന്നു.

Content Highlight: Vijay Makkal Iyakkam annouced their political entry in Parliament election