ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ ജേതാവായ ഷൂട്ടര്‍ വിജയ്കുമാറിനും വെങ്കലമെഡല്‍ നേടിയ ഗുസ്തി താരം യോഗേശ്വര്‍ ദത്തിനും രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌ന സമ്മാനിക്കും. ഏഥന്‍സ് ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് അധ്യക്ഷനായ കമ്മിറ്റി ഇന്നലെയാണ് പുരസ്‌കാരങ്ങള്‍ തീരുമാനിച്ചത്. []
കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചതിന് മലയാളി സ്‌ക്വാഷ്താരം ദീപികാ പള്ളിക്കലടക്കം 25 പേര്‍ക്ക് അര്‍ജുന അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. ശ്വാസകോശ അര്‍ബുദത്തില്‍ നിന്ന് മോചിതനായ ക്രിക്കറ്റ്താരം യുവരാജ് സിങ്, അമ്പെയ്ത്ത് താരങ്ങളായ ദീപികാകുമാരി, ബോംബെയ്‌ലാ ദേവി, ബാഡ്മിന്റണ്‍ താരങ്ങളായ പി. കശ്യപ്, അശ്വനി പൊന്നപ്പ, ബോക്‌സര്‍ വികാസ് കൃഷന്‍ തുടങ്ങിയ പ്രമുഖരും അര്‍ജുന അവാര്‍ഡ് പട്ടികയിലുണ്ട്.
മൂന്ന് ദിവസം മുമ്പാണ് രാജ്യവര്‍ധന്‍ സിങ്ങിനെ അധ്യക്ഷനാക്കി ജഡ്ജിങ് കമ്മിറ്റി രൂപീകരിച്ചത്. ഇന്നലെ ഉച്ചയോടെ ചേര്‍ന്ന കമ്മിറ്റി അഞ്ച് മണിക്കൂറോളം ചേര്‍ന്നാണ് അവാര്‍ഡ് വിജയികളുടെ ലിസ്റ്റ് പ്രഖ്യാപിച്ചത്.
ഖേല്‍രത്‌ന പുരസ്‌കാരത്തിന് നേരത്തേ ഏഴ് പേരുടെ പട്ടികയാണ് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇത് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ വിജയ്കുമാറിന്റെയും യോഗേശ്വര്‍ ദത്തിന്റെയും പേരുകൂടി ഉള്‍പ്പെടുത്തിയിരുന്നു. മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഒളിമ്പിക് ഹീറോകളെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ടായത്. സാധാരണ ഒരാള്‍ക്കാണ് ഖേല്‍രത്‌ന നല്‍കുകയെങ്കിലും ഇക്കുറി രണ്ട് പേര്‍ക്ക് നല്‍കാനും തീരുമാനിച്ചത് ഒളിമ്പിക്‌സിലെ റെക്കോഡ് മെഡല്‍ നേട്ടം മുന്‍നിറുത്തിയാണ്. മറ്റ് മെഡല്‍ ജേതാക്കളായ സൈന നെഹ്‌വാള്‍, സുശീല്‍കുമാര്‍, ഗഗന്‍ നാരംഗ്, മേരികോം തുടങ്ങിയവര്‍ക്ക് നേരത്തേ ഖേല്‍രത്‌ന നല്‍കിയിരുന്നു.