| Friday, 24th March 2023, 12:35 pm

'ഹലമ്തി ഹബീബോ...!; വിജയ്പാട്ടിന് ഡാന്‍സ് കളിച്ച് അമ്പയര്‍; പരിഷ്‌കരിച്ച ഐ.പി.എല്‍ നിയമങ്ങള്‍ ട്രോളാക്കി സോഷ്യല്‍ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

അടിമുടി മാറ്റങ്ങളോടെയാണ് 2023ലെ ഐ.പി.എല്‍ സീസണ്‍ ആരംഭിക്കുന്നത്. കളി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പുതിയ പല രീതികളും പരീക്ഷിക്കാനാണ് ഐ.പി.എല്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. ടോസിങ് മുതല്‍ ഫീല്‍ഡിങ് വരെ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്നാണ് ബി.സി.സി.ഐ പറഞ്ഞത്.

ഇത്തവണ ടോസിന് ശേഷവും പ്ലേയിങ് ഇലവനെ തെരഞ്ഞെടുക്കാനും അഞ്ച് സബ്സ്റ്റിറ്റിയൂട്ട് താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താനുമൊക്കെ സാധിക്കുന്ന തരത്തിലാണ് പുതിയ നിയമങ്ങള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. ഇതിലൂടെ ബാറ്റിങ്ങോ ബോളിങ്ങോ തീരുമാനിച്ചതിന് ശേഷം അതിനനുസരിച്ച് ടീമിനെ നിശ്ചയിക്കാന്‍ ക്യാപ്റ്റന്മാര്‍ക്ക് അവസരം കിട്ടും.

കൂടാതെ അഞ്ച് സബ്സ്റ്റിറ്റിയൂട്ട് താരങ്ങളെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്ന ഇംപാക്ട് പ്ലെയര്‍(പകരം കളിക്കാരന്‍) രീതിയും ഇത്തവണ കാണാനാകും. ഇംപാക്ട് പ്ലെയര്‍ക്ക് ഒരേ സമയം ബാറ്റിങ്ങും ബൗളിങ്ങും ചെയ്യാനാകുമെന്ന പ്രത്യേകതയും നിയമത്തിനുണ്ട്.

ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വിജയിപ്പിച്ചതിന് ശേഷമാണ് ഐ.പി.എല്ലിലേക്കും നിയമം കൊണ്ടുവരാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.

നിയമം പരിഷ്‌കരിച്ചതോടെ കളിക്കാരെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുന്ന സമയത്ത് അമ്പയര്‍ കാണിക്കുന്ന ഇംപാക്ട് പ്ലെയര്‍ സൈനിനെതിരെ വ്യാപക ട്രോളുകളാണ് ഉയരുന്നത്.

അമ്പയര്‍ രണ്ട് കയ്യും തലക്ക് മുകളില്‍ ക്രോസ് ചെയ്ത് പിടിക്കുന്ന ഇംപാക്ട് രീതിക്കാണ് ട്രോള്‍ മഴ. അമ്പയറുടെ സൈനിനെ തമിഴ് നടന്‍ വിജയ്‌യുടെ സിഗ്നേച്ചര്‍ സ്റ്റെപ്പിനോടാണ് ചിലര്‍ ഉപമിക്കുന്നത്. അമ്പയര്‍ ഇനി ഗ്രൗണ്ടില്‍ വെച്ച് വിജയ് പാട്ടിന് ഡാന്‍സ് ചെയ്യേണ്ടി വരുമെന്നും ട്രോളുകളുയരുന്നുണ്ട്.

അതിനിടെ ചിലര്‍ സൈനിന് വിജയ് ചിത്രമായ ബീസ്റ്റിലെ ‘ഹലമ്തി ഹബീബോ’ എന്ന പാട്ടിന്റെ വീഡിയോ ഷെയര്‍ ചെയ്താണ് അമ്പയര്‍ സൈനിനെ വരവേറ്റത്.

വിജയ്ക്ക് പുറമെ ധോണിയും വിരാട് കോഹ്‌ലിയും ഹിന്ദി നടന്‍ നാനാ പാടേക്കറും തുടങ്ങി ഒരുപാട് പേര്‍ ട്രോളുകളില്‍ നിറയുന്നുണ്ട്. ട്രോളുകള്‍ എന്തായാലും ഇതിനോടകം സൈബറിടങ്ങളില്‍ വ്യാപമാവുകയാണ്.

ഇംപാക്ട് പ്ലെയര്‍ റൂളിന് പുറമെ ഡി.ആര്‍.എസ് സംവിധാനത്തിലും വലിയ മാറ്റങ്ങളാണ് ഇത്തവണയുണ്ടാകാന്‍ പോവുന്നത്. അമ്പയര്‍ വിളിക്കുന്ന വൈഡ്, നോബോളുകള്‍ എന്നിവയും ഇനി മുതല്‍ ടീമുകള്‍ക്ക് പുനപരിശോധിക്കാനാവും.

കൂടാതെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ശിക്ഷയായി 30 യാര്‍ഡിനു പുറത്ത് നാല് ഫീല്‍ഡര്‍മാരെ മാത്രം നിര്‍ത്താനും പുതിയ നിയമത്തിലുണ്ട്. വിക്കറ്റ് കീപ്പറും ഫീല്‍ഡര്‍മാരും സ്ഥാനം മാറിയാല്‍ എറിഞ്ഞ പന്ത് ഡെഡ്‌ബോളായി കണക്കാക്കി അഞ്ച് റണ്‍ എതിര്‍ ടീമിന് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Content Highlight: vijay in ipl social media trolls

We use cookies to give you the best possible experience. Learn more