| Thursday, 14th December 2023, 5:54 pm

ചോരയൊലിക്കുന്ന മുഖം, ബാന്‍ഡേജുമൊട്ടിച്ച് വെടിക്കെട്ട്; തോല്‍ക്കാന്‍ മനസില്ലാത്തവന്റെ പോരാട്ടവീര്യം

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനല്‍ മത്സരത്തില്‍ തമിഴ്‌നാടും ഹരിയാനയുമായിരുന്നു ഏറ്റുമുട്ടിയത്. സൗരാഷട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തമിഴ്‌നാടിനെ 63 റണ്‍സിന് പരാജയപ്പെടുത്തി ഹരിയാന ഫൈനലില്‍ കടന്നിരുന്നു.

മത്സരത്തില്‍ തോറ്റെങ്കിലും തോല്‍ക്കാന്‍ മനസില്ലാത്ത തമിഴ്‌നാടിന്റെ പോരാളി ബാബ ഇന്ദ്രജിത്തായിരുന്നു ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. പരിക്കേറ്റിട്ടും തമിഴ്‌നാടിനായി ബാറ്റേന്തുകയും നിര്‍ണായക ഘട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോററാകാനും ഇന്ദ്രജിത്തിന് സാധിച്ചിരുന്നു.

മത്സരത്തിന്റെ ഇടവേളയില്‍ ബാത്‌റൂമില്‍ തെന്നിവീണാണ് താരത്തിന് പരിക്കേറ്റത്. ചുണ്ടില്‍ ആഴത്തിലുള്ള പരിക്കായിരുന്നു ഇന്ദ്രജിത്തിനുണ്ടായിരുന്നത്. എന്നാല്‍ പരിക്കിന് മേല്‍ ബാന്‍ഡേജുമൊട്ടിച്ച് താരം ക്രീസിലെത്തുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയുമായിരുന്നു. 71 പന്തില്‍ 64 റണ്‍സാണ് താരം നേടിയത്.

താരത്തിന്റെ ഇരട്ട സഹോദരനും തമിഴ്‌നാടിന്റെ ഓപ്പണറുമായ ബാബ അപരജിത് അടക്കമുള്ളവര്‍ക്ക് മികച്ച പിന്തുണ നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് തമിഴ്‌നാടിന് തോല്‍വി വഴങ്ങേണ്ടി വന്നത്.

ഹരിയാന ഉയര്‍ത്തിയ 294 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ തമിഴ്‌നാടിന് 230 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കാണ് സൗത്ത് ഇന്ത്യന്‍ ടീമിന്റെ രണ്ടാമത് മികച്ച സ്‌കോറര്‍.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹരിയാന ഹിമാംശു റാണയുടെ സെഞ്ച്വറിയുടെയും യുവരാജ് സിങ്ങിന്റെ അര്‍ധ സെഞ്ച്വറയുടെയും കരുത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ യുവരാജ് സിങ് 79 പന്തില്‍ 65 റണ്‍സ് നേടിയപ്പോള്‍ വണ്‍ ഡൗണായി ഇറങ്ങി 118 പന്തില്‍ പുറത്താകാതെ 116 റണ്‍സാണ് റാണ നേടിയത്.

ഡിസംബര്‍ 16നാണ് ഹരിയാന കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. കര്‍ണാടക – രാജസ്ഥാന്‍ മത്സരത്തിലെ വിജയിയെയാണ് ഹരിയാന ഫൈനലില്‍ നേരിടുക.

Content Highlight: Vijay Hazare Trophy: Tamil Nadu vs Haryana:  Baba Indrajith batted with injury

We use cookies to give you the best possible experience. Learn more