ആദ്യം 275 പന്ത് ശേഷിക്കെ തോറ്റു, ഇന്ന് 253 പന്ത് ബാക്കി നില്‍ക്കെയും; വലിയ ലക്ഷ്യത്തിന് ചെറിയ ടോട്ടല്‍ മറികടന്ന് തമിഴ്‌നാട്
Sports News
ആദ്യം 275 പന്ത് ശേഷിക്കെ തോറ്റു, ഇന്ന് 253 പന്ത് ബാക്കി നില്‍ക്കെയും; വലിയ ലക്ഷ്യത്തിന് ചെറിയ ടോട്ടല്‍ മറികടന്ന് തമിഴ്‌നാട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th December 2023, 11:48 am

വിജയ് ഹസാരെ ട്രോഫിയില്‍ നാഗാലാന്‍ഡിനെതിരെ തമിഴ്‌നാടിന് പത്ത് വിക്കറ്റ് വിജയം. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ സജീവമാക്കാനും ദിനേഷ് കാര്‍ത്തിക്കിനും സംഘത്തിനും സാധിച്ചു.

വരുണ്‍ ചക്രവര്‍ത്തിയുടെ ഗംഭീര ബൗളിങ് പ്രകടനമാണ് തമിഴ്‌നാടിന് മികച്ച വിജയം സമ്മാനിച്ചത്. ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തിലാണ് ചക്രവര്‍ത്തി തന്റെ അവിസ്മരണീയ സ്‌പെല്‍ പുറത്തെടുത്തത്.

മൂന്ന് മെയ്ഡന്‍ ഓവര്‍ അടക്കം അഞ്ച് ഓവര്‍ പന്തെറിഞ്ഞ ചക്രവര്‍ത്തി വെറും ഒമ്പത് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. 1.80 എന്ന തകര്‍പ്പന്‍ എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

ഓറെന്‍ എന്‍ഗുലി, ഹോകായിതോ സിമോമി, തഹ്‌മീദ് റഹ്‌മാന്‍, അകാവി യെപ്‌തോ, ക്രയ്വിസ്‌റ്റോ കെന്‍സ് എന്നിവരെയാണ് ചക്രവര്‍ത്തി മടക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ തമിഴ്‌നാട് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമനം ശരിവെച്ച് തമിഴ്‌നാട് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ നാഗാലാന്‍ഡ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.

20 പന്തില്‍ 20 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ സുമിത് കുമാറിന് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. 25 പന്തില്‍ 13 റണ്‍സ് നേടിയ ഓപ്പണര്‍ ജോഷ്വാ ഒസുകും മാത്രമാണ് നാഗാ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റൊരു ബാറ്റര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തമിഴ്‌നാട് 7.5 ഓവറില്‍ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതൊതെ വിജയം സ്വന്തമാക്കുകയായിരുന്നു. തമിഴ്‌നാടിനായി രവിശ്രീനിവാസന്‍ സായ് കിഷോര്‍ 25 പന്തില്‍ പുറത്താകാതെ 37 റണ്‍സ് നേടിയപ്പോള്‍ നാരായണ്‍ ജഗദീശന്‍ 22 പന്തില്‍ പുറത്താകാതെ 30 റണ്‍സും നേടി.

വിജയ് ഹസാരെയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യം വെക്കുന്ന തമിഴ്‌നാടിന് ഈ വിജയം ഏറെ പ്രധാനമാണ്.

അതേസമയം, ഈ സീസണില്‍ ഒരു മത്സരം പോലും വിജയിക്കാന്‍ നാഗാലാന്‍ഡിന് സാധിച്ചിട്ടില്ല. ഇതിന് മുമ്പ് പഞ്ചാബിനോടും ടീം വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഒമ്പത് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ വിജയം. നാഗാലാന്‍ഡ് ഉയര്‍ത്തിയ 76 റണ്‍സലിന്റെ വിജയലക്ഷ്യം വെറും 25 പന്തില്‍ പഞ്ചാബ് മറികടക്കുകയായിരുന്നു.

 

 

Content Highlight: Vijay Hazare Trophy, Tamil Nadu defeated Nagaland