വിജയ് ഹസാരെ ട്രോഫിയില്‍ നാഗാലാന്‍ഡിനെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തെറിഞ്ഞ് പഞ്ചാബ്. കഴിഞ്ഞ ദിവസം ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ഒമ്പത് വിക്കറ്റും 275 പന്തും ശേഷിക്കെ പഞ്ചാബ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മോശം തുടക്കമാണ് നോര്‍ത് ഈസ്‌റ്റേണ്‍ ടീമിന് ലഭിച്ചത്.
ടീം സ്‌കോര്‍ 11ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റ് നഷ്ടമായ നാഗാലാന്‍ഡിന് സ്‌കോര്‍ ബോര്‍ഡ് അനക്കാന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ രണ്ട് വിക്കറ്റുകളും നഷ്ടമായി. 13ാം റണ്‍സായപ്പോഴേക്കും നാലാം വിക്കറ്റും നേടി പഞ്ചാബ് കരുത്തുകാട്ടി.
ക്യാപ്റ്റന്‍ റോങ്‌സണ്‍ ജോനാഥന്‍ മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. 41 പന്ത് നേരിട്ട് പുറത്താകാതെ 27 റണ്‍സാണ് ജോനാഥന്‍ നേടിയത്. ജോനാഥന്‍ സ്‌കോര്‍ ഉയര്‍ത്തുന്നത് കണ്ട പഞ്ചാബ് ഗെയിം പ്ലാന്‍ തന്നെ പൊളിച്ചെഴുതി. ഒരുവശത്ത് ജോനാഥനെ നിര്‍ത്തി മറുവശത്തെ ആക്രമിക്കാനായിരുന്നു പഞ്ചാബിന്റെ തീരുമാനം. ആ സ്ട്രാറ്റജി വിജയിക്കുകയും ചെയ്തു.
ഒടുവിൽ 20.1 ഓവറിൽ 75 റൺസിന് അവസാന വിക്കറ്റും വീഴുമ്പോള്‍ മറുവശത്ത് ക്യാപ്റ്റന്‍ പുറത്താകാതെ തലകുനിച്ച് നില്‍ക്കുന്നുണ്ടായിരുന്നു.
മൂന്ന് താരങ്ങള്‍ മാത്രമാണ് നാഗാ നിരയില്‍ രണ്ടക്കം കണ്ടത്. 14 റണ്‍സ് നേടിയ ക്രെയ്വിസ്റ്റോ കെന്‍സാണ് ടീമിനായി ഏറ്റവുമധികം റണ്‍സ് നേടിയ രണ്ടാമത് താരം.
പഞ്ചാബിനായി സിദ്ധാര്‍ത്ഥ് കൗള്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ബല്‍തേജ് സിങ് മൂന്നും മായങ്ക് മാര്‍ക്കണ്ഡേ രണ്ടും വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ആദ്യ പന്തില്‍ തന്നെ നയം വ്യക്തമാക്കിയിരുന്നു. പ്രഭ്‌സിമ്രാന്‍ സിങ്ങും രമണ്‍ദീപ് സിങ്ങും ആഞ്ഞടിച്ചതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗത്തില്‍ ചലിച്ചു.
പ്രഭ്‌സിമ്രാന്‍ 14 പന്തില്‍ മൂന്ന് സിക്‌സറും ആറ് ബൗണ്ടറിയുമടക്കം പുറത്താകാതെ 44 റണ്‍സ് നേടിയപ്പോള്‍ ഏഴ് പന്തില്‍ 27 റണ്‍സാണ് രമണ്‍ദീപ് നേടിയത്. മൂന്ന് സിക്‌സറും രണ്ട് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഒടുവില്‍ 4.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി പഞ്ചാബ് വിജയലക്ഷ്യം മറികടന്നു. നാല് പന്തില്‍ നാല് റണ്‍സ് നേടിയ അഭിഷേക് ശര്‍മായാണ് പുറത്തായത്.
ഈ വിജയം ടീമിന്റെ ക്വാര്‍ട്ടര്‍ പ്രവേശനത്തില്‍ സഹായിക്കില്ലെങ്കിലും ആരാധകരെ ആവേശത്തിലാഴ്ത്താന്‍ പഞ്ചാബിനായി. ഗ്രൂപ്പ് ഇ-യില്‍ അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് ജയവുമായി നാലാമതാണ് പഞ്ചാബ്.
Content Highlight: Vijay Hazare Trophy; Punjab defeated Nagaland