വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ഇന്ന് അവാസന ഗ്രൂപ്പ് ഘട്ട മത്സരം. നിര്‍ണായക മത്സരത്തില്‍ റെയില്‍വേസാണ് എതിരാളികള്‍. ആറ് മത്സരത്തില്‍ നിന്നും അഞ്ച് ജയവുമായി 20 പോയിന്റോടെ കേരളം ഗ്രൂപ്പ് എ-യില്‍ രണ്ടാം സ്ഥാനത്താണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യുക എന്നതാകും കേരളം ലക്ഷ്യമിടുന്നത്. ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനിലില്‍ നേരിട്ട് പ്രവേശിക്കാന്‍ ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാര്‍ക്കാണ് സാധിക്കുക.
നിലിവില്‍ മുംബൈ ആണ് ഗ്രൂപ്പ് എ-യില്‍ ഒന്നാം സ്ഥാനക്കാരായി തുടരുന്നത്. ആറ് മത്സരത്തില്‍ നിന്നും അഞ്ച് ജയത്തോടെ 20 പോയിന്റാണ് മുംബൈക്കും ഉള്ളത്. നേരിയ നെറ്റ് റണ്‍ റേറ്റിന്റെ ബലത്തിലാണ് മുംബൈ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ അപരാജിതരായി തുടര്‍ന്ന മുംബൈക്ക് ആറാം മത്സരത്തില്‍ ത്രിപുരയോട് ഞെട്ടിക്കുന്ന പരാജയമാണ് നേരിടേണ്ടി വന്നത്. ഇതോടെയാണ് നേരിട്ടുള്ള ക്വാര്‍ട്ടര്‍ പ്രവേശനത്തിന് കേരളത്തിന് സാധ്യത തെളിഞ്ഞത്. എന്നാല്‍ അവസാന മത്സരത്തില്‍ കേവലം ജയം എന്നതിലുപരി മുംബൈയുടെ നെറ്റ് റണ്‍ റേറ്റിനെ മറികടക്കുന്ന ജയമാണ് കേരളത്തിന് വേണ്ടത്.
മുംബൈയും തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിന് ചൊവ്വാഴ്ച കളത്തിലിറങ്ങുന്നുണ്ട്. ഒഡീഷയാണ് എതിരാളികള്‍.
ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സ്
(ടീം-ജയം-തോല്‍വി-നെറ്റ് റണ്‍ റേറ്റ്-പോയിന്റ് എന്നീ ക്രമത്തില്‍)
1. മുംബൈ – 6 – 5 – 1 – +1.952 – 20
2. കേരളം – 6 – 5 – 1 – +1.916 – 20
3. ത്രിപുര – 6 – 3 – 3 – +0.485 – 12
4. റെയില്‍വേസ് – 6 3 – 3 – +0194 12
5. സൗരാഷ്ട്ര – 6 – 3 – 3 – +0.004 – 12
6. ഒഡീഷ – 6 – 3 – 3 – -0.187 – 12
7. പുതുച്ചേരി – 6 – 2 – 4 – -1.028 – 8
8. സിക്കിം – 6 – 0 – 6 – -3.221 – 0
ഒരുപക്ഷേ ഈ രണ്ട് മത്സരത്തിന് ശേഷവും പോയിന്റ് പട്ടികയില്‍ കേരളം രണ്ടാം സ്ഥാനത്ത് തുടരുകയാണെങ്കിലും സഞ്ജുവിനും സംഘത്തിനും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കളിക്കാനുള്ള സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്.
ഗ്രൂപ്പ് എ മുതല്‍ ഇ വരെ അഞ്ച് ഗ്രൂപ്പുകളാണ് വിജയ് ഹസാരെ ട്രോഫിയില്‍ പങ്കെടുക്കുന്നത്. എ, ബി, സി ഗ്രൂപ്പുകളില്‍ എട്ട് ടീമുകള്‍ വീതവും ഡി, ഇ ഗ്രൂപ്പുകളില്‍ ഏഴ് ടീമുകള്‍ വീതവുമാണുള്ളത്. ആകെയുള്ള 38 ടീമുകളില്‍ പത്ത് ടീമുകള്‍ക്കാണ് അടുത്ത ഘട്ടത്തിലേക്ക് അവസരം ലഭിക്കുക.
ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടും. ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകള്‍ക്കും ഒരേ പോയിന്റാണെങ്കില്‍ നെറ്റ് റണ്‍ റേറ്റാണ് സ്ഥാനങ്ങള്‍ തീരുമാനിക്കുക.
ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരെ അവരുടെ പോയിന്റിന്റെയും നെറ്റ് റണ്‍ റേറ്റിന്റെയും അടിസ്ഥാനത്തില്‍ ഒന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലായി പുതിയ പട്ടിക തയ്യാറാക്കും.
ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍ ഓരോ ഗ്രൂപ്പിലെയും രണ്ടാം സ്ഥാനക്കാരാണ് ഉണ്ടാവുക. പോയിന്റിന്റെയും നെറ്റ് റണ്‍ റേറ്റിന്റെയും അടിസ്ഥാനത്തിലാണ് ഈ സ്ഥാനങ്ങളും നിശ്ചയിക്കപ്പെടുന്നത്. ഇതില്‍ ആറാം സ്ഥാനക്കാര്‍ക്കും ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്കൊപ്പം നേരിട്ട് ക്വാര്‍ട്ടറിന് യോഗ്യത നേടാം.
ഏഴ്, എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളിലുള്ള ടീമുകള്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരം കളിക്കുകയും വിജയിക്കുന്ന രണ്ട് ടീമുകള്‍ ക്വാര്‍ട്ടറിന് യോഗ്യത നേടുകയും ചെയ്യും.
ചൊവ്വാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരങ്ങളാകും മുംബൈയുടെയും കേരളത്തിന്റെയും വിധി തീരുമാനിക്കുക.
Content Highlight: Vijay Hazare Trophy, Kerala vs Railways