വിജയ് ഹസാരെ ട്രോഫിയിലെ തങ്ങളുടെ നാലാം മത്സരത്തില്‍ 119 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടി കേരളം. ആലൂരില്‍ നടന്ന മത്സരത്തില്‍ ത്രിപുരയെയെ 119 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്‍രില്‍ കേരളത്തിന്റെ മൂന്നാം വിജയമാണിത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം മുഹമ്മദ് അസറുദ്ദീന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്നും വിപരീതമായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. 61 പന്തില്‍ 58 റണ്‍സെടുത്താണ് അസറുദ്ദീന്‍ മടങ്ങിയത്.
ഇതിന് പുറമെ രണ്ടാം ഓപ്പണറായ രോഹന്‍ എസ്. കുന്നുമ്മലും മികച്ച പ്രകടനം നടത്തി. 70 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്.
38 പന്തില്‍ 41 റണ്‍സ് നേടിയ ശ്രേയസ് ഗോപാലാണ് കേരളത്തിനായി റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. രണ്ട് ഫോറും മൂന്ന് സിക്സറുമാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.
ഇവര്‍ക്ക് പുറമെ ബേസില്‍ തമ്പി (22 പന്തില്‍ 23) അഖില്‍ സ്‌കറിയ (40 പന്തില്‍ 22) എന്നിവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.
ഒടുവില്‍ 47.1 ഓവറില്‍ 231 റണ്‍സിന് കേരളം ഓള്‍ ഔട്ടാവുകയായിരുന്നു.
ത്രിപുരക്കായി അഭിജിത് സര്‍കാര്‍, ബിക്രംജീത് ദേബ്നാഥ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മണിശങ്കര്‍ മുരസിങ്, രാണ ദത്ത, ജോയ്ദീപ് ദിലീപ് ദേബ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മത്സരത്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി. അഞ്ച് പന്തില്‍ നിന്നും ഒറ്റ റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. തുടര്‍ച്ചയായ മത്സരങ്ങളിലെ സഞ്ജുവിന്റെ മോശം പ്രകടനം ആരാധകരെയും നിരാശരാക്കുന്നുണ്ട്.
അതേസമയം, കേരളം ഉയര്‍ത്തിയ 232 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ത്രിപുര 27.5 ഓവറില്‍ 112 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
മൂന്ന് താരങ്ങള്‍ മാത്രമാണ് ത്രിപുര നിരയില്‍ ഇരട്ടയക്കം കണ്ടത്. ഏഴാം നമ്പറില്‍ ഇറങ്ങി 34 പന്തില്‍ 46 റണ്‍സ് നേടിയ രജത് ദേയ് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്.
ക്യാപ്റ്റന്‍ വൃദ്ധിമാന്‍ സാഹ അഞ്ച് റണ്‍സ് നേടി പുറത്തായപ്പോള്‍ 31 പന്തില്‍ 17 റണ്‍സ് നേടിയ ഗണേഷ് സതീഷും 20 പന്തില്‍ 12 റണ്‍സ് നേടിയ പല്ലബ് ദാസുമാണ് ത്രിപുര നിരയില്‍ ഇരട്ടയക്കം കണ്ട് മറ്റ് താരങ്ങള്‍.
കേരളത്തിനായി അഖില്‍ സ്‌കറിയയും അഖിന്‍ സത്താറും തകര്‍ത്തെറിഞ്ഞു. അഖില്‍ സ്‌കറിയ ആറ് ഓവറില്‍ 11 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഏഴ് ഓവറില്‍ 27 റണ്‍സ് വഴങ്ങിയാണ് അഖിന്‍ സത്താര്‍ മൂന്ന് വിക്കറ്റ് നേടിയത്.