| Friday, 1st December 2023, 2:40 pm

ബാറ്റര്‍, വിക്കറ്റ് കീപ്പര്‍ ഇപ്പോള്‍ ബൗളറും; കൂറ്റന്‍ ജയത്തിനൊപ്പം ആരാധകര്‍ക്കായി കാത്തുവച്ച സഞ്ജു സര്‍പ്രൈസും

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയില്‍ സിക്കിമിനെതിരെ പടുകൂറ്റന്‍ ജയം സ്വന്തമാക്കി കേരളം. ആലൂരില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ നാലാം വിജയമാണിത്.

മത്സരത്തില്‍ ടോസ് നേടിയ സിക്കിം നായകന്‍ നീലേഷ് ലാമിഷാനെയ് ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍ പ്രതീക്ഷിച്ച തുടക്കമല്ല ടീമിന് ലഭിച്ചത്.

സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ സൗരവ് കുമാര്‍ പ്രസാദ് പുറത്തായി അഞ്ച് പന്തില്‍ റണ്‍സൊന്നുമെടക്കാതെയായിരുന്നു സൗരവ് കുമാറിന്റെ മടക്കം. 16ാം റണ്‍സില്‍ രണ്ടാം വിക്കറ്റും 22ല്‍ നില്‍ക്കവെ മൂന്നാം വിക്കറ്റും 26 റണ്‍സിന് നാലാം വിക്കറ്റും നഷ്ടമായ സിക്കിം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ സാധിക്കാതെ പരുങ്ങി.

ടോപ് ഓര്‍ഡര്‍ താളം കണ്ടെത്താനാകാതെ പുറത്തായതിന് സമാനമായി മിഡില്‍ ഓര്‍ഡറും കേരള ബൗളര്‍മാരുടെ മുമ്പില്‍ പരാജയപ്പെട്ടു. മികച്ച സ്‌കോര്‍ കണ്ടെത്താനോ കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ അവര്‍ക്കും സാധിച്ചില്ല.

നാല് ബാറ്റര്‍മാര്‍ മാത്രമാണ് സിക്കിം നിരയില്‍ രണ്ടക്കം കടന്നത്. മൂന്ന് താരങ്ങള്‍ പൂജ്യത്തിന് പുറത്തായി. 37 പന്തില്‍ 18 റണ്‍സ് നേടി അങ്കുര്‍ മാലിക്കാണ് സിക്കിമിന്റെ ടോപ് സ്‌കോറര്‍.

ഒടുവില്‍ 33.5 ഓവറില്‍ 83 റണ്‍സില്‍ നില്‍ക്കവെ സിക്കിം ഓള്‍ ഔട്ടായി.

കേരളത്തിനായി അഖില്‍ സ്‌കറിയ, സുധേശന്‍ മിഥുന്‍, അഭിജിത് പ്രവീണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റന്‍ നീലേഷ് ലാമിഷാനെയ് റണ്‍ ഔട്ടായി പുറത്താവുകയായിരുന്നു.

ആരാധകരെ ഞെട്ടിച്ചുകൊണ്ട് കേരള നായകന്‍ സഞ്ജു സാംസണും പന്തെറിഞ്ഞിരുന്നു. വിക്കറ്റ് കീപ്പറുടെ റോളില്‍ നിന്നും പന്തുമായി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്കെത്തിയാണ് താരം പുതിയ റോളിലെത്തിയത്.

ഒരു ഓവര്‍ പന്തെറിഞ്ഞ സഞ്ജു മൂന്ന് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.

84 റണ്‍സ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു. കൃഷ്ണ പ്രസാദ് 39 പന്തില്‍ 38 റണ്‍സ് നേടിയപ്പോള്‍ 18 പന്തില്‍ 25 റണ്‍സുമായി രോഹന്‍ എസ്. കുന്നുമ്മലും തിളങ്ങി.

ഈ വിജയത്തിന് പിന്നാലെ റണ്‍ റേറ്റില്‍ നേട്ടമുണ്ടാക്കാനും കേരളത്തിനായി. ഗ്രൂപ്പ് എ-യില്‍ അഞ്ച് മത്സരത്തില്‍ നിന്നും നാല് ജയത്തോടെ 16 പോയിന്റ് നേടിയ കേരളം രണ്ടാം സ്ഥാനത്താണ്. കളിച്ച നാലിലും ജയിച്ച മുംബൈ ആണ് ഒന്നാമത്.

ഡിസംബര്‍ മൂന്നിനാണ് കേരളത്തിന്റെ അടുത്ത മത്സരം. കെ.എസ്.സി.എ ക്രിക്കറ്റ് ഗ്രൗണ്ട് 2ല്‍ നടക്കുന്ന മത്സരത്തില്‍ പുതുച്ചേരിയാണ് എതിരാളികള്‍.

Content highlight: Vijay Hazare Trophy, Kerala defeated Sikkim

We use cookies to give you the best possible experience. Learn more