| Thursday, 23rd November 2023, 6:35 pm

തീ തുപ്പി സഞ്ജുവിന്റെ തീയുണ്ടകള്‍; ലോ സ്‌കോറിങ് ത്രില്ലറില്‍ തകര്‍പ്പന്‍ ജയം

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയില്‍ വിജയത്തോടെ തുടങ്ങി കേരളം. ത്രീ ഓവല്‍സ് കെ.എസ്.സി.എ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് കേരളം സൗരാഷ്ട്രയെ പരാജയപ്പെടുത്തിയത്. സൗരാഷ്ട്ര ഉയര്‍ത്തിയ 186 റണ്‍സിന്റെ വിജയലക്ഷ്യം കേരളം ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ കേരള നായകന്‍ സഞ്ജു സാംസണ്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തകര്‍പ്പന്‍ തുടക്കമാണ് കേരളത്തിന് ലഭിച്ചത്. സൗരാഷ്ട്ര സ്‌കോര്‍ 30 കടക്കും മുമ്പ് തന്നെ നാല് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ കേരള ബൗളര്‍മാര്‍ ടീം സ്‌കോര്‍ 50 കടക്കും മുമ്പേ അഞ്ചാം വിക്കറ്റും നേടി.

എന്നാല്‍ ആറാം നമ്പറിലിറങ്ങിയ വിശ്വരാജ് ജഡേജ ചെറുത്തുനിന്നു. 121 പന്തില്‍ അഞ്ച് വീതം സിക്‌സറും ബൗണ്ടറിയും സ്വന്തമാക്കിയ ജഡേജ 98 റണ്‍സ് ടോട്ടലിലേക്ക് സംഭാവന ചെയ്തു.

ജഡേജക്ക് പുറമെ ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്കട്ടും ചെറുത്തുനിന്നു. 54 പന്തില്‍ 37 റണ്‍സാണ് ഉനദ്കട് നേടിയത്. ഇരുവരുടെയും ചെറുത്തുനില്‍പാണ് സൗരാഷ്ട്രയെ വമ്പന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.

ഒടുവില്‍ 49.1 ഓവറില്‍ സൗരാഷ്ട്ര 185ന് ഓള്‍ ഔട്ടായി.

കേരള ബൗളര്‍മാര്‍ തീക്കാറ്റായ മത്സരത്തില്‍ എട്ട് സൗരാഷ്ട്ര താരങ്ങള്‍ ഒറ്റയക്കത്തിനാണ് പുറത്തായത്.

കേരളത്തിനായി അഖിന്‍ സത്താര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശ്രേയസ് ഗോപാലും ബേസില്‍ തമ്പിയും രണ്ട് വിക്കറ്റ് വീതം നേടി. അഖില്‍ സ്‌കറിയയും എന്‍. ബേസിലുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനും തുടക്കം പഴച്ചിരുന്നു. ഓപ്പണര്‍മാര്‍ രണ്ട്് പേരും സൗരാഷ്ട്ര ബൗളിങ്ങിന് മുമ്പില്‍ വിറച്ചുപുറത്തായി. വിഷ്ണു വിനോദ് ഏഴ് പന്തില്‍ നാല് റണ്‍സ് നേടി പുറത്തായപ്പോള്‍ 17 പന്തില്‍ നാല് റണ്‍സാണ് രോഹിന്‍ എസ്. കുന്നുമ്മല്‍ നേടിയത്.

എന്നാല്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ സഞ്ജു സാംസണ്‍ ഇന്നിങ്‌സിന് അടിത്തറയിട്ടു. സച്ചിന്‍ ബേബിയെ കൂട്ടുപിടിച്ച് ടീം സ്‌കോര്‍ 50 കടത്തിയ സാംസണ്‍ സച്ചിന്‍ പുറത്തായതിന് ശേഷവും ചെറുത്തുനിന്നു. 27 പന്തില്‍ 16 റണ്‍സാണ് സച്ചിന്‍ നേടിയത്.

ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെ 47 പന്തില്‍ 30 റണ്‍സ് നേടിയ സഞ്ജുവും പുറത്തായി. അങ്കുര്‍ പാട്ടിലാണ് വിക്കറ്റ് നേടിയത്.

പിന്നാലെയെത്തിയ അഖില്‍ സ്‌കറിയയും അബ്ദുള്‍ ബാസിത്തും സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതലയേറ്റെടുത്തു. സ്‌കറിയ 54 പന്തില്‍ 28 റണ്‍സ് നേടി പുറത്തായപ്പോള്‍ 76 പന്തില്‍ 60 റണ്‍സാണ് ബാസിത് നേടിയത്.

33 പന്തില്‍ 21 റണ്‍സടിച്ച ശ്രേയസ് ഗോപാലും കേരള ഇന്നിങ്‌സില്‍ നിര്‍ണായകമായി.

ഒടുവില്‍ 14 പന്തും മൂന്ന് വിക്കറ്റും കയ്യിലിരിക്കെ കേരളം വിജയിച്ചുകയറുകയായിരുന്നു.

ആദ്യ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് എ-യില്‍ നാലാം സ്ഥാനത്താണ് കേരളം. നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലണ് കേരളം നാലാമതായത്.

ആദ്യ മത്സരത്തില്‍ സിക്കിമിനെ കീഴടക്കിയ മുംബൈ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. +5.720 എന്ന തകര്‍പ്പന്‍ നെറ്റ് റേറ്റാണ് മുംബൈക്കുള്ളത്. ഒഡീഷ (+0.939), പുതുച്ചേരി (+0.440) എന്നീ ടീമുകളാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടിയിരിക്കുന്നത്.

നവംബര്‍ 25നാണ് കേരളത്തിന്റെ അടുത്ത മത്സരം. ആലൂരില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ആണ് എതിരാളികള്‍.

Content highlight: Vijay Hazare Trophy, Kerala defeated Saurashtra

Latest Stories

We use cookies to give you the best possible experience. Learn more