| Sunday, 22nd December 2024, 8:37 am

ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത് വിജയം!! ഇന്ത്യയെയും ഓസ്‌ട്രേലിയയെയും മറികടന്ന് ചരിത്ര നേട്ടത്തില്‍ കര്‍ണാടക

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയില്‍ വമ്പന്‍ വിജയവുമായി കര്‍ണാടക. ഗ്രൂപ്പ് സി-യില്‍ മുംബൈക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് തെക്കിന്റെ കരുത്തര്‍ വിജയം സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 383 റണ്‍സിന്റെ വിജയലക്ഷ്യം 22 പന്ത് ശേഷിക്കെ കര്‍ണാടക മറികടക്കുകയായിരുന്നു.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. ശ്രീജിത്തിന്റെ സെഞ്ച്വറി കരുത്തിലാണ് കര്‍ണാടക മികച്ച വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ കര്‍ണാടക എതിരാളികളെ ബാറ്റിങ്ങിനയച്ചു. തുടക്കത്തില്‍ തന്നെ ആംഗ്രിഷ് രഘുവംശിയുടെ വിക്കറ്റ് മുംബൈക്ക് നഷ്ടമായെങ്കിലും പിന്നാലെയെത്തിയവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.

ഹര്‍ദിക് താമോറെയും ആയുഷ് മാത്രെയും അര്‍ധ സെഞ്ച്വറികളുമായി തിളങ്ങിയപ്പോള്‍ ടി-20 ശൈലിയില്‍ സെഞ്ച്വറിയടിച്ചാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആരാധകരെയും എതിരാളികളെയും ഒന്നുപോലെ ഞെട്ടിച്ചത്. വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ശിവം ദുബെയും മികച്ച പ്രകടനം പുറത്തെടുത്തു.

55 പന്തില്‍ പുറത്താകാതെ 114 റണ്‍സാണ് ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത്. അഞ്ച് ഫോറും അതിന്റെ ഇരട്ടി സിക്സറുമടക്കം 207.27 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

താമോറെ 94 പന്തില്‍ 84 റണ്‍സടിച്ചപ്പോള്‍ മാത്രെ 82 പന്തില്‍ 78 റണ്‍സും നേടി. 36 പന്ത് നേരിട്ട് പുറത്താകാതെ 63 റണ്‍സാണ് ദുബെ നേടിയത്. അഞ്ച് ഫോറും അത്ര തന്നെ സിക്സറുമായി 175.00 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

കര്‍ണാടയ്ക്കായി പ്രവീണ്‍ ദുബെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ശ്രേയസ് ഗോപാലും വിദ്യാധര്‍ പാട്ടീലും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടകയ്ക്ക് തരക്കേടില്ലാത്ത തുടക്കമാണ് ലഭിച്ചത്. ഈ മുന്‍തൂക്കം പിന്നാലെയെത്തിയവരും മുതലെടുത്തപ്പോള്‍ ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് പിറവിയെടുത്തു.

ടീം സ്‌കോര്‍ 36ല്‍ നില്‍ക്കവെ നികിന്‍ ജോസിനെ ടീമിന് നഷ്ടമായി. 13 പന്തില്‍ 21 റണ്‍സ് നേടിയാണ് താരം തിരിച്ചുനടന്നത്. വണ്‍ ഡൗണായെത്തിയ കെ.വി. അനീഷ് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി.

രണ്ടാം വിക്കറ്റില്‍ 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി അഗര്‍വാള്‍ പുറത്തായി. അര്‍ധ സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെയായിരുന്നു ക്യാപ്റ്റന്റെ മടക്കം. ശേഷം നാലാം നമ്പറില്‍ കെ.എല്‍. ശ്രീജിത്ത് ഇറങ്ങിയതോടെ മത്സരം പതിയെ കര്‍ണാടകയുടെ വരുതിയിലേക്ക് വന്നു.

ടീം സ്‌കോര്‍ 200ല്‍ നില്‍ക്കവെ അനീഷിനെ കര്‍ണാടകയ്ക്ക് നഷ്ടമായി. 66 പന്തില്‍ 82 റണ്‍സ് നേടിയാണ് താരം പുറത്തായത്.

അഞ്ചാമനായെത്തിയ പ്രവീണ്‍ ദുബെയെ ഒപ്പം കൂട്ടി ശ്രീജിത്ത് കര്‍ണാടകയെ വിജയത്തിലേക്ക് കൈപിടിച്ചുനടത്തി.

101 പന്തില്‍ പുറത്താകാതെ 150 റണ്‍സാണ് ശ്രീജിത്ത് നേടിയത്. 20 ഫോറും നാല് സിക്‌സറും അടക്കം 148.51 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. 50 പന്തില്‍ പുറത്താകാതെ 65 റണ്‍സടിച്ച പ്രവീണ്‍ ദുബെയും കര്‍ണാടകയ്ക്ക് കരുത്തായി.

ഒടുവില്‍ 47ാം ഓവറിലെ രണ്ടാം പന്തില്‍ കര്‍ണാടക വിജയലക്ഷ്യം മറികടന്നു.

ഇതോടെ ഒരു ചരിത്ര നേട്ടവും കര്‍ണാടകയെ തേടിയെത്തി. ഇന്ത്യന്‍ മണ്ണില്‍ ലിസ്റ്റ് എ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച രണ്ടാമത് സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സിന്റെ റെക്കോഡാണ് കര്‍ണാടക സ്വന്തമാക്കിയത്.

2012ല്‍ ഗോവക്കെതിരെ ആന്ധ്രാ പ്രദേശ് നേടിയ 384 റണ്‍സാണ് റെക്കോഡ് പട്ടികയില്‍ ഒന്നാമത്. ഒരുപക്ഷേ മുംബൈ ഒരു റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ആന്ധ്രയ്‌ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടാനും കര്‍ണാടകയ്ക്ക് സാധിക്കുമായിരുന്നു.

ലിസ്റ്റ് എ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ മണ്ണിലെ ഏറ്റവും ഉയര്‍ന്ന സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സ്

(റണ്‍സ് – ടീം – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

384 – ആന്ധ്രാ പ്രദേശ് – ഗോവ – ബെംഗളൂരു – 2012

383 – കര്‍ണാടക – മുംബൈ – അഹമ്മദാബാദ് – 2024*

360 – ഇന്ത്യ – ഓസ്‌ട്രേലിയ – ജയ്പൂര്‍ – 2013

359 – ഓസ്‌ട്രേലിയ – ഇന്ത്യ – മൊഹാലി – 2019

358 – മുംബൈ – ബറോഡ – പൂനെ – 2008

ടൂര്‍ണമെന്റിലെ ആദ്യ മത്സരം വിജയിച്ച കര്‍ണാടക നിലവില്‍ ഗ്രൂപ്പ് സി സ്റ്റാന്‍ഡിങ്‌സില്‍ മൂന്നാമതാണ്. നാല് പോയിന്റാണ് ടീമിന് നിലവിലുള്ളത്. ഒന്നാമതുള്ള പഞ്ചാബിനും രണ്ടാമതുള്ള ഹൈദരാബാദിനും നാലാമതുള്ള പുതുച്ചേരിക്കും നാല് പോയിന്റ് വീതമാണെങ്കിലും നെറ്റ് റണ്‍ റേറ്റാണ് സ്ഥാനങ്ങള്‍ തീരുമാനിച്ചത്.

തിങ്കളാഴ്ചയാണ് കര്‍ണാടകയുടെ അടുത്ത മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പുതുച്ചേരിയാണ് എതിരാളികള്‍.

Content Highlight: Vijay Hazare Trophy: Karnataka defeated Mumbai

We use cookies to give you the best possible experience. Learn more