| Saturday, 16th December 2023, 9:55 pm

അങ്ങ് സൗത്ത് ആഫ്രിക്കയിലിരുന്ന് ചഹല്‍ കണ്ടു, തന്റെ ടീം കപ്പുയര്‍ത്തുന്നത്; ഇത് ചരിത്രവിജയം

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയില്‍ കപ്പുയര്‍ത്തി ഹരിയാന. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിന് രാജസ്ഥാനെ പരാജയപ്പെടുത്തിയാണ് ഹരിയാന കന്നിക്കിരീടമുയര്‍ത്തിയത്.

ഹരിയാന ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 257ന് ഓള്‍ ഔട്ടായി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹരിയാനക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ടീം സ്‌കോര്‍ മൂന്നില്‍ നില്‍ക്കവെ വിശ്വസ്തനായ യുവരാജ് സിങ് കൂടാരം കയറി. ഏഴ് പന്തില്‍ ഒരു റണ്‍സുമായി നില്‍ക്കവെ അറഫാത്ത് ഖാന്റെ പന്തില്‍ കുനാല്‍ സിങ്ങിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

വണ്‍ ഡൗണായെത്തിയ ഹിമാന്‍ഷു റാണ പത്ത് റണ്‍സും നേടി പുറത്തായി.

എന്നാല്‍ ഓപ്പണര്‍ അങ്കിത് കുമാറിനൊപ്പം നാലാം നമ്പറില്‍ ഇറങ്ങിയ ക്യാപ്റ്റന്‍ അശോക് മനേരിയ കൂടിയെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് ചലിച്ചു. അങ്കിത് കുമാര്‍ 91 പന്തില്‍ 88 റണ്‍സ് നേടിയപ്പോള്‍ 96 പന്തില്‍ 70 റണ്‍സാണ് മനേരിയ നേടിയത്.

നിഷാന്ത് സിന്ധു (22 പന്തില്‍ 29), സുമിത് കുമാര്‍ (16 പന്തില്‍ 28), രാഹുല്‍ തെവാട്ടിയ (18 പന്തില്‍ 24) എന്നിവര്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയപ്പോള്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഹരിയാന 287 റണ്‍സ് നേടി.

രാജസ്ഥാനായി അനികേത് ചൗധരി നാല് വിക്കറ്റ് നേടിയപ്പോള്‍ അറഫാത്ത് ഖാന്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും നേടി.

ഹരിയാന ഉയര്‍ത്തിയ 288 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ രാജസ്ഥാന് തൊട്ടതെല്ലാം പിഴച്ചിരുന്നു. ടീം സ്‌കോര്‍ നാലില്‍ നില്‍ക്കവെ ഓപ്പണര്‍ രാം ചൗഹാനെ നഷ്ടമായ രാജസ്ഥാന് 11ല്‍ നില്‍ക്കവെ മഹിപാല്‍ ലാംറോറിനെയും നഷ്ടമായി.

ചൗഹാന്‍ ഏഴ് പന്തില്‍ ഒരു റണ്‍സ് നേടിയപ്പോള്‍ എട്ട് പന്തില്‍ രണ്ട് റണ്‍സായിരുന്നു ലോംറോര്‍ നേടിയത്. സുമിത് കുമാറാണ് ഇരുവരെയും പുറത്താക്കിയത്.

സെമി ഫൈനല്‍ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി നേടി രാജസ്ഥാനെ ഫൈനലിലെത്തിച്ച ദീപക് ഹൂഡയും നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി ക്യാപ്റ്റന്‍ ഹൂഡയും പുറത്തായി. 5.1 ഓവറില്‍ ടീം സ്‌കോര്‍ 12ല്‍ നില്‍ക്കവെയാണ് ഹൂഡ പുറത്തായത്.

എന്നാല്‍ സെഞ്ച്വറി നേടി ഓപ്പണര്‍ അഭിജീത് തോമറും അര്‍ധ സെഞ്ച്വറി നേടിയ കുനാല്‍ സിങ് റാത്തോറും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും സാധിക്കാതെ വന്നതോടെ രാജസ്ഥാന് പരാജയം സമ്മതിക്കേണ്ടി വരികയായിരുന്നു.

അഭിജീത് 126 പന്തില്‍ 106 റണ്‍സ് നേടിയപ്പോള്‍ 65 പന്തില്‍ 79 റണ്‍സാണ് റാത്തോര്‍ നേടിയത്.

ഹരിയാനക്കായി ഹര്‍ഷല്‍ പട്ടേലും സുമിത് കുമാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അന്‍ഷുല്‍ കാംബോജിയും രാഹുല്‍ തെവാട്ടിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി വിജയം തങ്ങളുടെ പേരിലാക്കി.

മത്സരത്തിനിടെ ടീമിന് എല്ലാ വിധ പിന്തുണയും നേര്‍ന്നുകൊണ്ട് ഇന്ത്യന്‍ സൂപ്പര്‍ താരം ചഹലും രംഗത്തെത്തിയിരുന്നു. ആഭ്യന്തര തലത്തില്‍ ഹരിയാനയുടെ താരമായ ചഹല്‍ നാഷണല്‍ ഡ്യൂട്ടിക്കായി സൗത്ത് ആഫ്രിക്കയിലേക്ക് പറന്നിരുന്നു.

നോക്ക് ഔട്ട് വരെ ടീമിനൊപ്പമുണ്ടായിരുന്ന ചഹല്‍ മൊബൈലില്‍ കളി ലൈവ് കാണുന്നത് സ്റ്റോറിയിലൂടെ പങ്കുവെച്ചിരുന്നു. ടീമിനൊപ്പം കിരീടമുയര്‍ത്താന്‍ സാധിച്ചില്ലെങ്കിലും ടീമിന്റെ വിജയത്തില്‍ ചഹലും ഏറെ ഹാപ്പിയാണ്.

അതേസമയം, ഞായറാഴ്ച നടക്കുന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയില്‍ ചഹല്‍ കളത്തിലിറങ്ങും. ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയമാണ് വേദി.

Content Highlight: Vijay Hazare trophy, Haryana wins the tournament by defeating Rajasthan

We use cookies to give you the best possible experience. Learn more