സെമിയിലെ കാട്ടുതീ ഫൈനലില്‍ കെട്ടു; ഗോള്‍ഡന്‍ ഡക്കായി ഹൂഡ, ട്രോഫിക്കായി രാജസ്ഥാന്‍ പൊരുതുന്നു
Sports News
സെമിയിലെ കാട്ടുതീ ഫൈനലില്‍ കെട്ടു; ഗോള്‍ഡന്‍ ഡക്കായി ഹൂഡ, ട്രോഫിക്കായി രാജസ്ഥാന്‍ പൊരുതുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th December 2023, 8:36 pm

വിജയ് ഹസാരെ ട്രോഫിയുടെ ഫൈനല്‍ മത്സരത്തില്‍ ജയത്തിനായി രാജസ്ഥാന്‍ പൊരുതുന്നു. സൗരാഷ്ട്രയില്‍ നടക്കുന്ന മത്സരത്തില്‍ ഹരിയാന ഉയര്‍ത്തിയ 288 റണ്‍സിന്റെ ലക്ഷ്യം പിന്തുടരുകയാണ് രാജസ്ഥാന്‍.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹരിയാനക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ടീം സ്‌കോര്‍ മൂന്നില്‍ നില്‍ക്കവെ വിശ്വസ്തനായ യുവരാജ് സിങ് കൂടാരം കയറി. ഏഴ് പന്തില്‍ ഒരു റണ്‍സുമായി നില്‍ക്കവെ അറഫാത്ത് ഖാന്റെ പന്തില്‍ കുനാല്‍ സിങ്ങിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

വണ്‍ ഡൗണായെത്തിയ ഹിമാന്‍ഷു റാണ പത്ത് റണ്‍സും നേടി പുറത്തായി.

എന്നാല്‍ ഓപ്പണര്‍ അങ്കിത് കുമാറിനൊപ്പം നാലാം നമ്പറില്‍ ഇറങ്ങിയ ക്യാപ്റ്റന്‍ അശോക് മനേരിയ കൂടിയെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് ചലിച്ചു. അങ്കിത് കുമാര്‍ 91 പന്തില്‍ 88 റണ്‍സ് നേടിയപ്പോള്‍ 96 പന്തില്‍ 70 റണ്‍സാണ് മനേരിയ നേടിയത്.

പിന്നാലെയെത്തിയവര്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയപ്പോള്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഹരിയാന 287 റണ്‍സ് നേടി.

രാജസ്ഥാനായി അനികേത് ചൗധരി നാല് വിക്കറ്റ് നേടിയപ്പോള്‍ അറഫാത്ത് ഖാന്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തൊട്ടതെല്ലാം പിഴച്ചിരുന്നു. ടീം സ്‌കോര്‍ നാലില്‍ നില്‍ക്കവെ രാം ചൗഹാനെ നഷ്ടമായ രാജസ്ഥാന് 11ല്‍ നില്‍ക്കവെ മഹിപാല്‍ ലാംറോറിനെയും നഷ്ടമായി.

ചൗഹാന്‍ ഏഴ് പന്തില്‍ ഒരു റണ്‍സ് നേടിയപ്പോള്‍ എട്ട് പന്തില്‍ രണ്ട് റണ്‍സായിരുന്നു ലോംറോര്‍ നേടിയത്. സുമിത് കുമാറാണ് ഇരുവരെയും പുറത്താക്കിയത്.

സെമി ഫൈനല്‍ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി നേടി രാജസ്ഥാനെ ഫൈനലിലെത്തിച്ച ദീപക് ഹൂഡയും നിരാശപ്പെടുത്തി. ലോംറോര്‍ പുറത്തായെങ്കിലും ഹൂഡയുണ്ടല്ലോ എന്ന ആരാധകരുടെ പ്രതീക്ഷയെ സുമിത് കുമാര്‍ വീണ്ടും തകിടം മറിച്ചു.

നേരിട്ട ആദ്യ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി ക്യാപ്റ്റന്‍ ഹൂഡയും പുറത്തായി. 5.1 ഓവറില്‍ ടീം സ്‌കോര്‍ 12ല്‍ നില്‍ക്കവെയാണ് ഹൂഡ പുറത്തായത്.

അതേസമയം, 30 ഓവര്‍ പിന്നിടുമ്പോള്‍ 148ന് നാല് എന്ന നിലയിലാണ് രാജസ്ഥാന്‍. 106 പന്തില്‍ 87 റണ്‍സുമായി ഓപ്പണര്‍ അഭിജീത് തോമറും 27 പന്തില്‍ 28 റണ്‍സുമായി കുനാല്‍ സിങ് റാത്തോറുമാണ് ക്രീസില്‍.

 

Content highlight: Vijay Hazare Trophy, Deepak Hood out for a duck