|

ചരിത്രത്തിലാദ്യം; കര്‍ണാടകയ്‌ക്കൊപ്പം കിരീടം നേടിയവന്‍ ഇത്തവണ കര്‍ണാടകയ്‌ക്കെതിരെ ഫൈനലിന്

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയുടെ കലാശപ്പോരാട്ടത്തിന് ഫൈനലിന് യോഗ്യത നേടി വിദര്‍ഭ. കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമി ഫൈനലില്‍ മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയാണ് വിദര്‍ഭ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഫൈനലിന് ടിക്കറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം വഡോദര അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 69 റണ്‍സിന്റെ മികച്ച വിജയമാണ് വിദര്‍ഭ സ്വന്തമാക്കിയത്. വിദര്‍ഭ ഉയര്‍ത്തിയ 381 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മഹാരാഷ്ട്രയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ടൂര്‍ണമെന്റില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് വിദര്‍ഭ ഫൈനലിലെത്തിയിരിക്കുന്നത്.

നേരത്തെ നടന്ന ആദ്യ സെമി ഫൈനലില്‍ ഹരിയാനയെ തകര്‍ത്ത് കര്‍ണാടകയും ഫൈനലിന് യോഗ്യത നേടിയിരുന്നു. 2019-20 സീസണിന് ശേഷം ഇതാദ്യമായാണ് കര്‍ണാടക ഫൈനലിലെത്തുന്നത്. ജനുവരി 18നാണ് കലാശപ്പോരാട്ടം. വിദര്‍ഭ തന്നെയാണ് വേദി.

കിരീടവുമായി കർണാടക

ഇതിന് മുമ്പ് കര്‍ണാടക കിരീടമുയര്‍ത്തിയ 2019-20 സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന സൂപ്പര്‍ താരമാണ് വിദര്‍ഭയുടെ നായകന്‍ എന്ന പ്രത്യേകതയും ഇത്തവണത്തെ ഫൈനലിനുണ്ട്. കര്‍ണാടകയുടെ അണ്ടര്‍ 15, 19 ടീമുകളിലും കര്‍ണാടക സ്റ്റേറ്റ് ടീമിലും ഭാഗമായ കരുണ്‍ നായരിന് കീഴിലാണ് വിദര്‍ഭ ചരിത്രത്തിലാദ്യമായി ഫൈനലിനിറങ്ങുന്നത്.

അതേസമയം, സെമി ഫൈനലില്‍ ടോസ് നേടിയ മഹാരാഷ്ട്ര എതിരാളികളെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഓപ്പണര്‍മാരായ യഷ് റാത്തോഡിന്റെയും ധ്രുവ് ഷൂരേയുടെയും സെഞ്ച്വറി കരുത്തിലാണ് വിദര്‍ഭ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

റാത്തോഡ് 101 പന്തില്‍ 116 റണ്‍സ് നേടിയപ്പോള്‍ 120 പന്തില്‍ 114 റണ്‍സാണ് ഷൂരേ സ്വന്തമാക്കിയത്. നേരത്തെ രാജസ്ഥാനെതിരെ ക്വാര്‍ട്ടര്‍ ഫൈനലിലും ഷൂരെ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.

അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ കരുണ്‍ നായരും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും തിളങ്ങി. 33 പന്തില്‍ 51 റണ്‍സ് നേടി ജിതേഷ് ശര്‍മ പുറത്തായപ്പോള്‍ 44 പന്തില്‍ പുറത്താകാതെ 88 റണ്‍സാണ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.

അവസാന ഓവറില്‍ മൂന്ന് ഫോറും രണ്ട് സിക്സറും അടക്കം 24 റണ്‍സടിച്ചാണ് കരുണ്‍ നായര്‍ വിദര്‍ഭ ഇന്നിങ്സിന് ഫുള്‍ സ്റ്റോപ്പിട്ടത്.

മഹാരാഷ്ട്രയ്ക്കായി മുകേഷ് ചൗധരി രണ്ട് വിക്കറ്റെടുത്തപ്പോള്‍ സത്യജീത് ബച്ചാവ് ഒരു വിക്കറ്റും നേടി.

381 റണ്‍സ് ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്രയ്ക്ക് തുടക്കം പാളി. ടീം സ്‌കോര്‍ എട്ടില്‍ നില്‍ക്കവെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് പുറത്തായി. ദര്‍ശന്‍ നല്‍ക്കണ്ഡേയുടെ പന്തില്‍ ഷോട്ടിന് ശ്രമിച്ച ഗെയ്ക്വാദിന് പിഴയ്ക്കുകയും ഉജ്ജ്വല ക്യാച്ചിലൂടെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ താരത്തെ പുറത്താക്കുകയുമായിരുന്നു.

ഓപ്പണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയും അങ്കിത് ഭാവ്നെയും അര്‍ധ സെഞ്ച്വറി നേടി. കുല്‍ക്കര്‍ണി 101 പന്തില്‍ 90 റണ്‍സടിച്ച് പുറത്തായപ്പോള്‍ 49 പന്തില്‍ 50 റണ്‍സാണ് ഭാവ്നെ നേടിയത്.

26 പന്തില്‍ 49 റണ്‍സുമായി നിഖില്‍ നായിക്ക് ചെറുത്തുനിന്നെങ്കിലും പോരാട്ടം പാഴായി.

സിദ്ധേഷ് വീര്‍ (43 പന്തില്‍ 30), അസിം കാസി (34 പന്തില്‍ 29), രാഹുല്‍ ത്രിപാഠി (19 പന്തില്‍ 27) എന്നിവരും പൊരുതിയെങ്കിലും വിജയലക്ഷ്യം മറികടക്കാന്‍ സാധിക്കുന്നതിലും ഏറെ അകലെയായിരുന്നു.

ഒടുവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് എന്ന നിലയില്‍ മഹാരാഷട്ര ഇന്നിങ്സ് അവസാനിപ്പിച്ചു.

വിദര്‍ഭയ്ക്കായി ദര്‍ശന്‍ നല്‍ക്കണ്ഡേയും നചികേത് ഭൂട്ടേയും മൂന്ന് വിക്കറ്റ് വീതം നേടി. പാര്‍ത്ഥ് രേഖാഡെയാണ് ശേഷിച്ച വിക്കറ്റ് സ്വന്തമാക്കിയത്.

Content Highlight: Vijay Hazare Trophy 2024-25: Vidharbha qualified for final