'വിനീത് ഇന്ത്യയുടെ മികച്ച താരങ്ങളിലൊരാള്‍; ഏജീസ് നടപടി അംഗീകരിക്കാന്‍ സാധിക്കില്ല'; സി.കെ വിനീതിന് പിന്തുണയുമായി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍
India
'വിനീത് ഇന്ത്യയുടെ മികച്ച താരങ്ങളിലൊരാള്‍; ഏജീസ് നടപടി അംഗീകരിക്കാന്‍ സാധിക്കില്ല'; സി.കെ വിനീതിന് പിന്തുണയുമായി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th May 2017, 5:41 pm

ന്യൂദല്‍ഹി: മതിയായ ഹാജരില്ലാത്തതിനാല്‍ ഏജീസ് ജോലിയില്‍ നിന്ന് പുറത്താക്കിയ ഇന്ത്യന്‍ താരം സി.കെ.വിനീതിന് പിന്തുണയുമായി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. കായിക താരങ്ങളെ അവഗണിക്കുന്ന ഇത്തരം നടപടികളോട് യോജിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ ഗോയല്‍ അന്വേഷണവും പ്രഖ്യാപിച്ചു.

“”ഇന്ത്യന്‍ ഫുട്‌ബോളിലെ മികച്ച താരങ്ങളിലൊരാളാണ് സി.കെ.വിനീത്. അദ്ദേഹത്തെ പോലൊരു താരത്തെ പുറത്താക്കിയ നടപടി ശരിയായി തോന്നുന്നില്ല. കായിക താരങ്ങളെ ഇത്തരത്തില്‍ അവഗണിക്കുന്ന നടപടിയോട് യോജിക്കാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. കേന്ദ്ര കായിക മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്.”” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


Also Read: ‘അധ്യാപകനൊക്കെ പണ്ട്, ഇപ്പോ നീ പ്രായപൂര്‍ത്തിയായ വെറും പെണ്ണ്’ രാത്രി അശ്ലീല ചാറ്റിനുവന്ന സംസകൃത സര്‍വ്വകലാശാലയിലെ അധ്യാപകനെ തുറന്നുകാട്ടി വിദ്യാര്‍ഥിനി


നേരത്തെ, ഏജിസില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള തീരുമാനത്തിന് വിശദീകരണവുമായി ദേശീയ ഫുട്ബോള്‍ ടീം അംഗം സി.കെ വിനീത് രംഗത്തെത്തിയിരുന്നു. കായിക താരത്തോട് ഇങ്ങനെ ചെയ്യുന്നത് ശരിയോ എന്ന ചോദ്യവുമായാണ് വിനീത് വിശദീകരണ കുറിപ്പ് നല്‍കിയത്.

മതിയായ ഹാജരില്ലാത്തതിനാലാണ് വിനീതിനെ ഏജീസ് ഓഫീസിലെ ഓഡിറ്റര്‍ തസ്തികയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. നേരത്തെ താരത്തെ പുറത്താക്കുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ കളിയൊഴിവാക്കി ജോലി ചെയ്യില്ലെന്ന് താരം പ്രതികരിച്ചിരുന്നു. താരത്തെ പുറത്താക്കിയതായുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

പ്രൊബേഷന്‍ കാലാവധി നാല് വര്‍ഷം പൂര്‍ത്തിയാകുന്ന സ്ഥിതിക്ക് ഇനി പ്രൊബേഷന്‍ കാലം നീട്ടിനല്‍കാനാകില്ലെന്നാണ് ഏജീസിന്റെ ഉത്തരവില്‍ പറയുന്നത്. മതിയായ ഹാജരില്ലാത്തതിനാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

പിരിച്ചുവിട്ട നടപടി താന്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് പ്രതികരിച്ചുകൊണ്ടാണ് വിനീത് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലിന് മറുപടി അയച്ചിരിക്കുന്നത്. ബെംഗളൂരു എഫ്.സിക്ക് വേണ്ടി കളിക്കുന്ന താന്‍ ഫെഡറേഷന്‍ കപ്പിന്റെ സെമിഫൈനല്‍ മത്സര ദിവസം രാവിലെയാണ് പുറത്താക്കല്‍ വിവരം അറിയുന്നതെന്നും താരം പറയുന്നു.

“2012 ല്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഏജീസ് ഓഫീസില്‍ ഓഡിറ്ററായി നിയമിക്കുമ്പോള്‍ കളിക്ക് തന്നെയായിരുന്നു തന്റെ പ്രഥമപരിഗണന. ഫുട്‌ബോള്‍ ഇന്ത്യയില്‍ വളരുന്ന കാലത്ത് അതിന്റെ ഭാഗമാകാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുകയാണ്. ഒരു കായികതാരത്തോട് ഇത്തരത്തില്‍ പെരുമാറുന്നത് മറ്റ് എവിടെയും കാണാന്‍ കഴിയില്ല. ക്ലബിനും രാജ്യത്തിനുമായി കഴിഞ്ഞ 11 മാസവും നിരന്തരം കളിക്കുകയായിരുന്നു.”


Don”t Miss: ‘താന്‍ പോരാടിയത് സിനിമയിലെ ജന്മി-കുടിയാന്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍’; വ്യക്തിപരമായി ആരോടും ശത്രുതയില്ലെന്നും സംവിധായകന്‍ വിനയന്‍ ദമ്മാമില്‍


“2016 നവംബര്‍ അഞ്ചിന് ദോഹയില്‍ എ.എഫ്.സി കപ്പ് ഫൈനല്‍ കഴിഞ്ഞ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഐ.എസ്.എല്‍ മത്സരങ്ങള്‍, അതിന് ശേഷം ബെംഗളൂരു എഫ്.സിയുടെ ക്യാമ്പ് ജനുവരിയില്‍ ഐ ലീഗ് ഇങ്ങനെ തുടര്‍ച്ചയായി മത്സരങ്ങള്‍ക്കിടയില്‍ കുടുംബത്തോടൊപ്പം കുറച്ച് ദിവസം ചിലവഴിക്കാന്‍ പോലും കഴിഞ്ഞില്ല.”

അങ്ങനെയുള്ള തനിക്ക് ഓഫീസില്‍ ജോലിക്ക് എത്താന്‍ എങ്ങനെ കഴിയും, തുടര്‍ച്ചയായി ഓഫീസില്‍ എത്തുന്നില്ല എന്ന ഏജീസ് ഓഫീസിന്റെ കത്തിന് ഞാന്‍ നേരത്തെ വിശദമായ മറുപടി നല്‍കിയിരുന്നുവെന്നും വിനീത് കത്തിലൂടെ പറയുന്നു