| Saturday, 10th November 2018, 4:11 pm

ജയലളിത നല്‍കിയ ടിവിയും ലാപ്‌ടോപ്പും മിക്‌സിയും കത്തിച്ച് വിജയ് ആരാധകര്‍; പ്രതിഷേധം സര്‍ക്കാര്‍ സിനിമയിലെ രംഗം പിന്‍വലിച്ചതിന്റെ പേരില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സര്‍ക്കാര്‍ സിനിമയിലെ രംഗങ്ങള്‍ പിന്‍വലിച്ച നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി വിജയ് ആരാധകര്‍. എന്ത് രംഗത്തിന്റെ പേരിലാണോ സീനുകള്‍ പിന്‍വലിച്ചത് അതേകാര്യം ഏറ്റെടുത്തുകൊണ്ടായിരുന്നു വിജയ് ഫാന്‍സിന്റെ പ്രതിഷേധം.

ജയലളിത മുഖ്യമന്ത്രിയായ വേളയില്‍ സൗജന്യമായി നല്‍കിയ മിക്‌സിയും ഗ്രൈന്ററും ഫാനും ടിവിയും ലാപ്‌ടോപ്പും തീയിട്ട് കത്തിക്കുകയായിരുന്നു ആരാധകര്‍. ഉത്പന്നങ്ങള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

സര്‍ക്കാര്‍ സിനിമയിലെ സംഗീതത്തിന്റെ അതേ പശ്ചാത്തലത്തിലായിരുന്നു ആരാധകര്‍ ഫാനും മിക്‌സിയും ചവിട്ടി പുറത്തെറിഞ്ഞ് കത്തിക്കുന്നത്. ചിത്രത്തില്‍ വിജയ് പറയുന്ന ഡയലോഗും ചിലര്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

സര്‍ക്കാരിന് മേല്‍ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ എടുത്ത നടപടികള്‍ക്കെതിരയാണ് വേറിട്ട പ്രതിഷേധവുമായി ആരാധകര്‍ എത്തിയത്.


Also Read തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിന്റെ ജനനേന്ദ്രിയം ഛേദിച്ച് യുവതി


ചിത്രത്തിലെ “ഒരു വിരല്‍ പുരട്ചി” എന്ന ഗാനത്തില്‍ തമിഴ്‌നാടിലെ ജനങ്ങള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഉപകരണങ്ങള്‍ കത്തിക്കുന്ന രംഗമായിരുന്നു ഭരണകക്ഷിയുടെ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.

സംവിധായകന്‍ എ.ആര്‍ മുരുഗദോസ് തന്നെ ഈ രംഗത്തില്‍ പ്രത്യക്ഷപ്പെടുകയും സര്‍ക്കാരിന്റെ സഹായങ്ങള്‍ കത്തിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

തമിഴ്നാട് ഭരിക്കുന്ന എ.ഐ.എ.ഡിഎംകെ സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലം വെള്ളിയാഴ്ച ചിത്രത്തിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കി വീണ്ടും സെന്‍സര്‍ ചെയ്തിരുന്നു.

വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിച്ച കോമളവല്ലി എന്ന കഥാപാത്രത്തിന്റെ പേരും വിവാദത്തിലായിരുന്നു. ജയലളിതയുടെ യഥാര്‍ത്ഥ പേരായിരുന്നു കോമളവല്ലി. തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് കോമളവല്ലി എന്ന പേര് മുഴുവനായും ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more