| Wednesday, 6th September 2023, 7:34 pm

വിജയ് ജവാനില്‍ അതിഥി വേഷം ചെയ്യുന്നില്ല; അങ്ങനെ ഉണ്ടെങ്കില്‍ ആദ്യം പ്രഖ്യാപിക്കുക ഞാന്‍: ആറ്റ്‌ലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ റിലീസിന് ഒരുങ്ങുകയാണ്. വമ്പന്‍ റിലീസായി എത്തുന്ന ചിത്രത്തില്‍ ദളപതി വിജയ് അതിഥി വേഷത്തില്‍ എത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഈ അഭ്യൂഹങ്ങളെ തള്ളി കളഞ്ഞിരിക്കുകയാണ് സംവിധായകന്‍ ആറ്റ്‌ലി. വിജയ് ജാവാനില്‍ അതിഥി വേഷം ചെയ്യുന്നില്ലായെന്നും, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ ആദ്യം താന്‍ തന്നെയാകും അത് പ്രഖ്യാപിക്കുക എന്നുമാണ് ആറ്റ്‌ലി പറഞ്ഞിരിക്കുന്നത്.

‘വിജയ് സാര്‍ ചിത്രത്തില്‍ അതിഥി വേഷം ചെയ്യുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍ തന്നെ അത് പ്രഖ്യാപിക്കുമായിരുന്നു. വിജയ് സാറും ഷാരൂഖ് സാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു സിനിമ ഞാന്‍ പ്ലാന്‍ ചെയ്‌തേക്കാം. സത്യത്തില്‍ ഞാനാണ് ജവാനില്‍ ഒരു അതിഥി വേഷം ചെയ്തിട്ടുള്ളത്,’ ആറ്റ്‌ലി പറയുന്നു.

ദിനതന്തി വെബ്ബിന് നല്‍കിയ അഭിമുഖത്തിലാണ് ആറ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. വിജയിയും ഷാരുഖ് ഖാനും തമ്മില്‍ ഏതെങ്കിലും സാമ്യമുണ്ടോ എന്ന ചോദ്യത്തിന് ഇരുവരും കുട്ടികളെപോലെയാണ് എന്നാണ് ആറ്റ്‌ലി മറുപടി പറഞ്ഞത്. എന്നാല്‍ ഇരുവരുടെയും വിനയത്തെ താന്‍ ബഹമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനായമാണ് ഇരുവരെയും വ്യത്യസ്തരാകുന്നതെന്നും പറയുന്നുണ്ട് ആറ്റ്‌ലി.

അതേസമയം വലിയ വിജയം നേടിയ പഠാന് ശേഷം ഷാരുഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികയാകുന്നത്. തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍.

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ദീപിക പദുകോണ്‍ ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.

റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാന്‍ നിര്‍മിച്ചിരിക്കുന്നത്. ഗൗരവ് വര്‍മയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സെപ്റ്റംബര്‍ ഏഴിന് ലോകമെമ്പാടും റിലീസ് ചെയ്യും.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍ ആകുമ്പോള്‍ കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസ് പാര്‍ട്ണറാകുന്നു. തമിഴ്‌നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളില്‍ 1001 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. തമിഴ്‌നാട്ടില്‍ 450ലധികം സെന്ററുകളിലായി 650 സ്‌ക്രീനുകളില്‍ ചിത്രം എത്തിക്കുന്നുണ്ട്.

Content Highlight: Vijay does not play  cameo in the jawan says director atlee
We use cookies to give you the best possible experience. Learn more