ഗോവ: തെന്നിന്ത്യന്‍ സിനിമയിലെ യുവതാരം വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ലൈഗറിന്റെ പുതിയ ഷെഡ്യൂളിന്റെ ഷൂട്ടിംഗ് ഗോവയില്‍ ആരംഭിച്ചു. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുരി ജഗനാഥാണ്.
നിര്‍മാണപങ്കാളി കൂടിയായ നടി ചാര്‍മി കൗര്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു. സിനിമയില്‍ ഫൈറ്ററുടെ വേഷം ചെയ്യുന്ന വിജയ് റിങ്ങില്‍ വിശ്രമിക്കുന്ന ഫോട്ടോയാണ് ചാര്‍മി പങ്കുവെച്ചത്.
സ്പോര്‍ട്സ് ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ വ്യത്യസ്തമായ മേക്കോവറിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. ഇതിനു വേണ്ടി ആയോധനകലകളില്‍ പരിശീലനവും വിജയ് നടത്തിയിരുന്നു.
സിനിമയിലെ പ്രധാനപ്പെട്ട ചില സീനുകളും ആക്ഷന്‍ രംഗങ്ങളും ഗോവയിലായിരിക്കും ചിത്രീകരിക്കുക. കരണ്‍ ജോഹറിനൊപ്പം പുരി ജഗനാഥ്, നടി ചാര്‍മി കൗര്‍, അപൂര്‍വ മെഹ്ത എന്നിവരും ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാണ്.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ പുറത്തിറങ്ങുന്ന പാന്‍ ഇന്ത്യ ചിത്രമായ ലൈഗര്‍ ബഡ്ജറ്റില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും ഇല്ലാതെയാണ് നിര്‍മിക്കുന്നത്.
തെലുങ്കിലെ ഹിറ്റ് സംവിധായകനായ പുരി ജഗനാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ലൈഗര്‍. അനന്യ പാണ്ഡെ നായികയാകുന്ന ചിത്രത്തില്‍ നടി രമ്യ കൃഷ്ണനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വിഷ്ണു ശര്‍മയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. റോണിത് റോയ്, വിഷ്ണു റെഡ്ഢി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.