ലൈഗർ തന്റെ കരിയറിലെ ആദ്യത്തെ ഫ്ലോപ്പല്ലെന്ന് നടൻ വിജയ് ദേവർകൊണ്ട. തനിക്ക് ശരിയും തെറ്റും പറഞ്ഞുതരാൻ ആരും ഉണ്ടായിരുന്നില്ലെന്നും താൻ തന്നെയാണ് ഓരോ തീരുമാനങ്ങളും എടുത്തിരുന്നതെന്നും വിജയ് ദേവർക്കൊണ്ട പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഖുഷി എന്ന തെലുങ്ക് ചിത്രത്തിൻറെ ട്രെയ്ലർ ലോഞ്ചിങ്ങിൽ പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു താരം.
‘ഒരു സിനിമ നന്നായി ഓടിയില്ലെങ്കിൽ, അല്ലെങ്കിൽ ആളുകൾ അത് ഏറ്റെടുത്തില്ലെങ്കിൽ, അത് ശരിക്കും നമ്മളെ വേദനിപ്പിക്കും. കരിയറിൽ ഒരുപാട് പരാജയങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ലൈഗർ ആദ്യത്തേതല്ല. എന്നെ ഗൈഡ് ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ തീരുമാനങ്ങളിലൂടെ ഞാൻ മുന്നോട്ട് പോകുകയായിരുന്നു,’ വിജയ് പറഞ്ഞു.
തെറ്റുകൾ തിരുത്തുകയും അതിലൂടെ മുന്നോട്ടുപോകുകയുമാണ് താൻ ഇപ്പോൾ ചെയ്യുന്നതെന്നും തനിക്ക് കരിയറിൽ പത്ത് സിനിമകളുടെ റിലീസുകൾ ഉണ്ടായിരുന്നതിൽ അവയെല്ലാം ഓരോ അനുഭവങ്ങൾ ആയിരുന്നെന്നും വിജയ് പറഞ്ഞു.
‘ഒരുതരത്തിൽ വിജയം എന്നുപറയുന്നത് തോറ്റാലും മുന്നോട്ട് പോകുക എന്നതാണ്. തെറ്റുകൾ തിരുത്തിയും, ഞാൻ പുതിയ അറിവുകളിലൂടെ മുന്നോട്ട് പോകുകയാണ്. ഒപ്പം തെറ്റുകൾ മനസിലാക്കി അത് തിരുത്താന് ശ്രമിക്കുന്നുമുണ്ട്. എനിക്ക് കരിയറിൽ 10 റിലീസുകൾ ഉണ്ടായിട്ടുണ്ട്, 10 വ്യത്യസ്തമായ നിമിഷങ്ങളാണ് അതിലൂടെ എനിക്കുണ്ടായിട്ടുള്ളത്. എന്നാൽ ഈ 10 നിമിഷങ്ങളല്ല നമ്മുടെ ജീവിതത്തെപ്പറ്റി തീരുമാനിക്കുന്നത്.
ഒരു സിനിമ നന്നായി ഓടിയാൽ ഞാൻ പണ്ട് അതിനെ ബ്ലോക്ക്ബസ്റ്റെർ എന്ന് വിളിക്കും. അതിനു ഒരു മടിയും ഉണ്ടായിരുന്നില്ല, അതിൽ അന്നൊന്നും ഒരു നാണവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ ഇനി എന്റെ വായ അടച്ചുതന്നെ ഇരിക്കും,’ വിജയ് ദേവർക്കൊണ്ട പറഞ്ഞു.
ശിവ നിർവാണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഖുഷിയാണ് വിജയിയുടെ ഏറ്റവും പുതിയ ചിത്രം. വൈ. രവി ശങ്കർ നിർമിക്കുന്ന ചിത്രത്തിൽ സാമന്തയാണ് നായിക. സച്ചിൻ ഖെഡേകർ , ശരണ്യ, മുരളി ശർമ്മ, ലക്ഷ്മി, രോഹിണി, വെണ്ണല കിഷോർ, ജയറാം, രാഹുൽ രാമകൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
Content Highlights: Vijay Deverakonda on Liger movie