| Wednesday, 10th August 2022, 7:31 pm

വിജയ് ദേവരകൊണ്ടയുടെ ലൈഗര്‍ കേരളത്തില്‍; വിതരണം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ദേവരക്കൊണ്ട, അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ലൈഗറിന്റെ കേരളത്തിലെ വിതരണവകാശം ശ്രീ ഗോകുലം മൂവീസ് .പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പ്രശസ്ത ബോക്‌സിങ് താരം മൈക്ക് ടൈസണ്‍ പ്രധാന വേഷത്തിലെത്തുന്നു പ്രത്യേകതയും ലൈഗറിനുണ്ട്. കേരളത്തില്‍ നൂറ്റമ്പതിലേറെ തിയേറ്ററുകളിലാണ് ലൈഗര്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിജയ് ദേവരക്കൊണ്ട ഉള്‍പ്പടെയുള്ള താരങ്ങളും അണിയറ പ്രവര്‍ത്തകരും 18ന് കേരളത്തിലെത്തുന്നുണ്ട്.

ഇന്ത്യ മുഴുവന്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു ചിത്രം വിതരണത്തിനെടുത്ത് കേരളത്തിലെത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ശ്രീ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്‍ പറഞ്ഞു.

തെലുങ്കിലെ മുന്‍നിര സംവിധായകരിലൊരാളായ പുരി ജഗന്നാഥ് മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് പശ്ചാത്തലമാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ലൈഗര്‍. ഒരു കിക്ക് ബോക്ക്‌സറാണ് ലൈഗറില്‍ വിജയ് ദേവരക്കൊണ്ടയുടെ കഥാപാത്രം.

പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ലൈഗര്‍ ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉള്‍പ്പടെ വേറെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയ്‌ലറും, പാട്ടും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. ഓണം റീലീസ് ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടും ശ്രീ ഗോകുലം മൂവീസില്‍ നിന്ന് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ്.

വിക്രം ചിത്രം കോബ്ര, അജയ് വാസുദേവ്- കുഞ്ചാക്കോ ബോബന്‍ ചിത്രം പകലും പാതിരാവും എന്നിവയും ശ്രീഗോകുലം മൂവിസിന്റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളാണ്.

പൂരി ജഗനാഥിന്റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന ജന ഗണ മനയാണ് വിജയ് ദേവരകൊണ്ടയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം. പൂജ ഹെഗ്ഡേയാണ് ചിത്രത്തില്‍ നായിക. ശിവ നിരവ് സംവിധാനം ചെയ്യുന്ന ഖുശിയാണ് വിജയ് ദേവരകൊണ്ടയുടെ മറ്റൊരു ചിത്രം. സമന്തയാണ് ചിത്രത്തില്‍ നായിക.

Content Highlight: Vijay Devarakonda’s Liger Kerala distrubution bagged by Gokulam Movies

We use cookies to give you the best possible experience. Learn more