വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ലൈഗര്‍ ഓഗസ്റ്റ് 25നാണ് റിലീസ് ചെയ്യുന്നത്. കരണ്‍ ജോഹര്‍ നിര്‍മാണ പങ്കാളി ആയത് കൊണ്ട് തന്നെ ചിത്രം ബഹിഷ്‌കരിക്കണം എന്ന ആഹ്വാനം ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ബോയിക്കോട്ടുകളെ ഒന്നും തന്നെ ഭയക്കുന്നില്ല എന്ന് പറഞ്ഞിരിക്കുകയാണ് വിജയ് ഇപ്പോള്‍.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ എത്തിയപ്പോഴാണ് വിജയ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിനെതിരെ ഉയരുന്ന ബഹിഷ്‌കരണാഹ്വാനങ്ങളെ ഭയക്കുന്നില്ലെന്നും. മനസ്സും ശരീരവും പൂര്‍ണമായി അര്‍പ്പിച്ച് ചെയ്ത ചിത്രമാണ് ലൈഗര്‍ എന്നും അദ്ദേഹം പറഞ്ഞു.
‘നമ്മുടെ ഭാഗത്താണ് ശരിയെങ്കില്‍ ആരെയും ഭയക്കേണ്ട കാര്യമില്ല. ഈ ചിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നവരെല്ലാം ഇന്ത്യക്കാരാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് എല്ലാവര്‍ക്കും നല്ല ബോധ്യമുണ്ട്. കംപ്യൂട്ടറുകള്‍ക്ക് മുന്നിലിരുന്ന് വെറുതേ ട്വീറ്റ് ചെയ്യുന്ന ആളുകളുടെ കൂട്ടത്തിലല്ല ആരും തന്നെ,’ വിജയ് പറഞ്ഞു.
ആരാധകര്‍ ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രമാണ് ലൈഗര്‍. ഒരു ചായക്കടക്കാരനില്‍ നിന്നും ലാസ് വെഗാസിലെ മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ചാമ്പ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്.
യു.എസിലാണ് ചിത്രത്തിന്റെ ക്ലൈമാക്സടക്കമുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്. പൂരി ജഗനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനന്യ പാണ്ഡെയാണ് ചിത്രത്തില്‍ നായിക.
ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ലൈഗര്‍ പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയുമെത്തും. കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത് ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.