വമ്പന്‍ ഹൈപ്പിലെത്തിയ വിജയ് ദേവരകൊണ്ട ചിത്രം ലൈഗര്‍ ബോക്സ് ഓഫീസില്‍ നിരാശപ്പെടുത്തുകയാണ്. വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായ ചിത്രം നിരാശപ്പെടുത്തി എന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. വിജയ് ദേവരകൊണ്ടയുടെ പ്രകടനം മാത്രമാണ് ആശ്വാസമായത് എന്നും അദ്ദേഹത്തിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ഇങ്ങനെയായിരുന്നില്ല വരേണ്ടിയിരുന്നതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.
അതിനിടെ ‘ലൈഗര്‍’ പരാജയത്തില്‍ നടന്‍ വിജയ് ദേവരകൊണ്ടയെ മുംബൈയിലെ പ്രമുഖ തിയേറ്ററുടമയായ മനോജ് ദേശായി വിമര്‍ശിച്ചത് സമൂഹമമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതേ മനോജ് ദേശായിയെ സന്ദര്‍ശിച്ചിരിക്കുകയാണിപ്പോള്‍ വിജയ് ദേവരകൊണ്ട.
മുംബൈയിലെത്തിയാണ് നടന്‍ മനോജ് ദേശായിയുമായി കൂടിക്കാഴ്ച നടത്തിയത്. നടനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മനോജ് ദേശായി ക്ഷമ ചോദിക്കുകയും ചെയ്തു.
‘വിജയ് ദേവരകൊണ്ട എളിമയുള്ള മനുഷ്യനാണ്. അദ്ദേഹത്തിന് നല്ലൊരു ഭാവിയുണ്ട്. ദേവരകൊണ്ടയുടെ എല്ലാ സിനിമകളും ഇനി ഞാന്‍ സ്വീകരിക്കും. ഞാന്‍ രണ്ട് നടന്മാരോട് മാത്രമേ മാപ്പ് പറഞ്ഞിട്ടുള്ളു. ഒരാള്‍ അമിതാഭ് ബച്ചനും മറ്റേയാള്‍ വിജയ് ദേവരകൊണ്ടയും,’ മനോജ് ദേശായി പറഞ്ഞു.
സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പെള്‍ വിജയ് മേശയ്ക്ക് മുകളില്‍ കാലുകയറ്റിവെച്ചതിന് ലൈഗര്‍ ബഹിഷ്‌കരിക്കണമെന്ന തരത്തില്‍ ആഹ്വാനമുയര്‍ന്നിരുന്നു. ഇതിന് മറുപടിയായി ബഹിഷ്‌കരിക്കുന്നവര്‍ ബഹിഷ്‌ക്കരിച്ചോട്ടെ എന്നായിരുന്നു ദേവരകൊണ്ട പറഞ്ഞിരുന്നത്. വിജയിയുടെ ഈ പെരുമാറ്റം സിനിമയെ ദോഷമായി ബാധിച്ചുവെന്നും മനോജ് ദേശായി പറഞ്ഞിരുന്നു.