Film News
ലൈഗര്‍ ഡിസാസ്റ്ററിലേക്ക്; ഇന്ത്യ- പാക് മത്സരത്തിലും വന്ന് പ്രൊമോട്ട് ചെയ്ത് വിജയ് ദേവരകൊണ്ട
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 29, 05:54 am
Monday, 29th August 2022, 11:24 am

വിജയ് ദേവരകൊണ്ട നായകനായ ലൈഗര്‍ ഓഗസ്റ്റ് 25നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. വമ്പന്‍ പ്രതീക്ഷകളുമായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ തകരുന്ന കാഴ്ചയാണ് കണ്ടത്. ആദ്യദിനം മുതല്‍ ലൈഗര്‍ നിരാശപ്പെടുത്തിയെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്.

പ്രതീക്ഷകള്‍ തകര്‍ത്ത് ലൈഗര്‍ ബോക്‌സ് ഓഫീസില്‍ കിതക്കുമ്പോഴും പ്രൊമോഷന്‍ തുടരുകയാണ് വിജയ് ദേവരകൊണ്ട. ദുബായില്‍ നടക്കുന്ന ഏഷ്യാകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാക് മത്സരത്തിലും വിജയ് ദേവരകൊണ്ട ചിത്രം പ്രൊമോട്ട് ചെയ്യാനെത്തി.

മത്സരത്തിന് മുമ്പ് വിരാട് കോഹ്‌ലി ഹാഫ് സെഞ്ച്വറി അടിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വിജയ് പറഞ്ഞിരുന്നു. ‘ഇന്ന് ഞാന്‍ ഹൈ എനര്‍ജിയിലാണ്. കോഹ്‌ലി കുറഞ്ഞത് ഇന്ന് 50 റണ്‍സ് നേടുമെന്നാണ് വിചാരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ നൂറാമത്തെ മത്സരമാണ്, എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല,’ വിജയ് പറഞ്ഞു.

ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ മറികടന്നു.

അതേസമയം റിലീസ് ചെയ്ത് നാലാം ദിനം ഡിസാസ്റ്ററിലേക്ക് കുതിക്കുകയാണ് ലൈഗര്‍. ഞായറാഴ്ച അഞ്ച് കോടി മാത്രമാണ് ലൈഗറിന് നേടാനായത്. 125 കോടി മുടക്കി നിര്‍മിച്ച ചിത്രത്തിന് ഇതുവരെ 50 കോടി പോലും നേടാനായിട്ടില്ല.

അതിനിടെ ലൈഗറിന്റെ പരാജയത്തില്‍ വിജയ് ദേവരകൊണ്ടയെ കുറ്റപ്പെടുത്തിയ മുംബൈയിലെ പ്രമുഖ തിയേറ്ററുടമയായ മനോജ് ദേശായിയെ താരം പോയി കണ്ടത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. മുംബൈയിലെത്തിയാണ് നടന്‍ മനോജ് ദേശായിയുമായി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് നടനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മനോജ് ദേശായി ക്ഷമ ചോദിക്കുകയും ചെയ്തു.

Content Highlight: Vijay Devarakonda came to promote the film liger during the India-Pak match