Entertainment news
മമ്മൂട്ടി എന്ന് കേള്‍ക്കുമ്പോള്‍ ടൈഗറിനെ ഓര്‍മവരും, മോഹന്‍ലാല്‍ സിംഹത്തെപോലെ: വിജയ് ദേവരകൊണ്ട
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 19, 04:51 am
Friday, 19th August 2022, 10:21 am

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളെക്കുറിച്ച് തെന്നിന്ത്യന്‍ നടന്‍ വിജയ് ദേവരകൊണ്ട. തന്റെ ഏറ്റവും പുതിയ ചിത്രമായ ലൈഗറിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ദേവരകൊണ്ട ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ തനിക്ക് സിംഹത്തെയാണ് ഓര്‍മവരുതെന്നും മമ്മൂട്ടി എന്ന പേര് കേള്‍ക്കുമ്പോള്‍ ടൈഗര്‍ എന്നാണ് തനിക്ക് തോന്നുന്നതെന്നും വിജയ് ദേവരകൊണ്ട പറയുന്നു.

തനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള ഒരാളായ ദുല്‍ഖര്‍ സല്‍മാന്റെ പിതാവാണ് മമ്മൂട്ടിയെന്നും അദ്ദേഹം തനിക്ക് അങ്കിളിനെപ്പോലെയാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

ദുല്‍ഖര്‍ കുഞ്ഞിക്കയാണെന്നും നടന്‍ പറയുന്നുണ്ട്. കണ്ണ്കൊണ്ട് അഭിനയിക്കുന്ന നടനാണ് ഫഹദ് ഫാസില്‍ എന്നാണ് വിജയ് പറഞ്ഞത്.

ടൊവിനോ ഹാന്‍ഡ്സം ആണെന്നും വിജയ് അഭിപ്രായപെടുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡയലോഗുകള്‍ അനുകരിക്കുന്ന വിജയ്യുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അതേസമയം ലൈഗര്‍ മികച്ച അനുഭവം തന്നെയായിരുക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയെന്നും വിജയ് ദേവരകൊണ്ട പറയുന്നു. തെലുങ്കിലെ മുന്‍നിര സംവിധായകരിലൊരാളായ പുരി ജഗനാഥ് മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് ലൈഗര്‍.

ഓഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ലൈഗര്‍ എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയും റിലീസ് ചെയ്യുന്നുണ്ട്.

പ്രശസ്ത ബോക്‌സിംഗ് താരം മൈക്ക് ടൈസണ്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കേരളത്തില്‍ നൂറ്റമ്പതിലേറെ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുക. മലയാളം പതിപ്പിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും കേരളത്തില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയ്‌ലറും പാട്ടുമൊക്കെ ഇതിനകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

പുരി ജഗനാഥിന്റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന ജന ഗണ മനയും, ശിവ നിരവ് സംവിധാനം ചെയ്യുന്ന ഖുശിയുമാണ് വിജയ് ദേവരകൊണ്ടയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രങ്ങള്‍. പൂജ ഹെഗ്‌ഡേയാണ് പുരിയുടെ ചിത്രത്തില്‍ നായിക. അതേസമയം സമന്തയാണ് ഖുശിയില്‍ നായികയായി എത്തുന്നത്.

Content Highlight: Vijay Devarakonda about Malayalam movie Superstars