| Monday, 2nd May 2022, 5:32 pm

ബിസിനസ് ടൂറിലാണ്; പൊലീസിന് മെയിലയച്ച് വിജയ് ബാബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബിസിനസ് ടൂറിലാണെന്നും മെയ് 19ന് മടങ്ങിയെത്തുമെന്നും ബലാത്സംഗക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു. പൊലീസ് നോട്ടീസിന് നല്‍കിയ മറുപടിയിലാണ് വിജയ് ബാബു ഇക്കാര്യം പറഞ്ഞത്. ഇ-മെയില്‍ വഴിയായിരുന്നു മറുപടി. നിലവില്‍ എവിടെയാണുള്ളത് എന്ന് വ്യക്തമാക്കാതെയാണ് വിജയ് ബാബു മെയില്‍ ചെയ്തത്.

അതേസമയം, വിജയ് ബാബുവിന് സാവകാശം നല്‍കാനാവില്ല എന്നാണ് പൊലീസ് നിലപാട്. അടിയന്തിരമായി അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ 24-നാണ് ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ വിജയ് ബാബു ബെംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് പോയത്. രണ്ടുപേരാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്.

നടന് മുന്നില്‍ മറ്റ് വഴികളില്ലെന്നും കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞിരുന്നു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കഴമ്പുള്ളതെന്ന് ഓരോ നിമിഷവും തെളിയുന്നെന്നും കമ്മീഷണര്‍ പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങള്‍ മാത്രല്ല വേറെയും ശാസ്ത്രീയ തെളിവുകളുണ്ട്. നടനും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലില്‍ നിന്നാണ് നിര്‍ണായകമായ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള തീയതികളില്‍ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴിയിലുള്ളത്. ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താന്‍ പോലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പരാതിയില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു കഴിഞ്ഞ ദിവസവും അറിയിച്ചിരുന്നു. അറസ്റ്റ് അനിവാര്യമാണ്. യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ കിട്ടിയതായും നേരത്തെ കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വൈദ്യപരിശോധന പൂര്‍ത്തിയാക്കി. സിനിമാ മേഖലയില്‍ നിന്നുള്ള ചില സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി.

Content Highlights:  Vijay Babu’s reply to police

We use cookies to give you the best possible experience. Learn more