| Friday, 26th May 2023, 11:16 pm

ആട് 2 പ്രദർശിപ്പിക്കുന്നതിന് തിയേറ്ററുകൾ കിട്ടിയില്ല, ചിത്രം വിജയിച്ചപ്പോൾ ചാനലുകൾ റൈറ്റ്സ് ചോദിച്ച് വന്നു: വിജയ് ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അങ്കമാലി ഡയറീസ് ഹിറ്റായില്ലായിരുന്നെങ്കിൽ താൻ സിനിമ ചെയ്യുന്നത് നിർത്തുമായിരുന്നെന്ന് നടനും നിർമാതാവുമായ വിജയ് ബാബു. ബോക്സ് ഓഫീസ് പരാജയമായ ആട് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ വിജയവും തനിക്ക് വളരെ ആശ്വാസമേകിയെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അങ്കമാലി ഡയറീസ് എനിക്ക് പുതിയ ജീവിതം തന്ന സിനിമയാണ്. എനിക്കും ലിജോക്കും (ലിജോ ജോസ് പെല്ലിശ്ശേരി) വളരെ നിർണായകമായിരുന്നു ആ ചിത്രം. ഞാൻ വളരെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലൂടെ കടന്ന്പോകുന്ന സമയമായിരുന്നു. എന്റെ കയ്യിൽ പണം ഉണ്ടായിരുന്നില്ല. ലിജോയും അത്തരത്തിൽ ഒരു സാഹചര്യത്തിലൂടെ പോകുകയായിരുന്നു. കാരണം ഡബിൾ ബാരൽ കഴിഞ്ഞിട്ട് രണ്ടോ മൂന്നോ വർഷം അദ്ദേഹം സിനിമ ഒന്നും എടുത്തിട്ടുണ്ടായിരുന്നില്ല.

പുതുമുഖങ്ങളെ വെച്ചെടുക്കുന്ന ചിത്രമായതുകൊണ്ട് വളരെ ബുദ്ധിമുട്ടുകളിലൂടെ പോയ ഒരു ചിത്രമാണ് അങ്കമാലി ഡയറീസ്. പക്ഷെ ചിത്രം വൻ വിജയമായിരുന്നു. ഒരുപക്ഷെ ഈ ചിത്രം വിജയിച്ചില്ലായിരുന്നെങ്കിൽ ഇനി സിനിമ ചെയ്യില്ലെന്ന് ഞാൻ ലിജോയോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അങ്കമാലി ഡയറീസിന്റെ വിജയം നല്ല രീതിയിൽ ആഘോഷിച്ചിട്ടുണ്ട്,’ വിജയ് ബാബു പറഞ്ഞു.

ഒരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയതുകൊണ്ട് ആട്2 പ്രദർശിപ്പിക്കുന്നതിന് തിയേറ്ററുകൾ കിട്ടിയില്ലെന്നും ചിത്രത്തിന്റെ വിജയത്തിന് ശേഷം ചാനലുകൾ ചിത്രത്തിന്റെ റൈറ്റ്സ് ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘ആട് 2ന്റെ വിജയം എന്നെ സന്തോഷിപ്പിച്ചിട്ടുണ്ട്. കാരണം അങ്കമാലി ഡയറീസിന് ശേഷം ഞാൻ ചെയ്ത ചിത്രമാണത്. ഒരു ബോക്സ് ഓഫീസ് പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന പേരും ചിത്രത്തിനുണ്ട്. കൂടാതെ മറ്റ് 5 ചിത്രങ്ങൾ കൂടി റിലീസ് ആയി. ആടിന് രണ്ട് ജില്ലകളിൽ റിലീസ് ചെയ്യാൻ തിയേറ്ററുകൾ ലഭിച്ചിരുന്നില്ല. ഏറ്റവും കുറവ് തിയേറ്ററുകൾ ആ സമയത്ത് ലഭിച്ചത് ആടിനാണ്. ഈ ചിത്രം റിലീസ് ചെയ്യണോ വേണ്ടയോ എന്ന് വരെ ചിന്തിച്ചു. ഈ ചിത്രത്തിന്റെ റൈറ്റ്സ് പോലും വിറ്റിട്ടില്ല. അങ്കമാലി ഡയറീസിന്റെ വിജയത്തിൽ നിന്ന് കിട്ടിയ തുകയും കൂടി ഉൾപ്പെടുത്തി എടുത്ത ചിത്രമായിരുന്നു അത്.

രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ 175 തിയറ്ററുകളിലേക്ക് ആ ചിത്രം എത്തിയിരുന്നു. രണ്ടുമൂന്നു ചാനലുകൾ ഈ ചിത്രത്തിന്റെ റൈറ്റ്സ് ചോദിച്ചു, റെക്കോർഡ് കളക്ഷനും നേടി. കൂടാതെ തിയേറ്ററുകളിൽ ആട് 2, ആറും ഏഴും ഷോകൾ ഉണ്ടായിരുന്നു. അന്ന് അത് വളരെ സന്തോഷം തന്ന നിമിഷം ആയിരുന്നു,’ വിജയ് ബാബു പറഞ്ഞു.

Content Highlights: Vijay Babu on Aadu 2 and Angamaly Diaries

We use cookies to give you the best possible experience. Learn more