കൊച്ചി:വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയില്‍ ഭിന്നിപ്പ് രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി അതിജീവിത. സ്വന്തം അമ്മയെ അല്ലാതെ മറ്റാരെയും വിശ്വസിക്കരുതെന്നായിരുന്നു അതിജീവിതയുടെ പ്രതികരണം. just belive your own amma, not any other എന്നാണ് സമൂഹമാധ്യമത്തിലൂടെ അതിജീവിത പ്രതികരിച്ചത്. അമ്മയില്‍ നിന്ന് രാജിവച്ച മാല പാര്‍വതിയെ സമൂഹമാധ്യത്തിലൂടെ അഭിനന്ദിക്കുകയും ചെയ്തു.
അമ്മ സംഘനടയുടെ പരാതി പരിഹാര സെല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്വേത മേനോനും ഐ.സി.സി അംഗമായ കുക്കു പരമേശ്വരനും രാജിവെച്ചിരുന്നു. വിജയ് ബാബു കേസില്‍ അമ്മ സ്വീകരിച്ച മൃദു സമീപനത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഐ.സി.സി അംഗമായ മാല പാര്‍വതി ഇന്നലെ രാജിവെച്ചിരുന്നു.
നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോന്‍ ചെയര്‍പേഴ്‌സണായ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.
എന്നാല്‍ വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒരു വിഭാഗം നിലപാടെടുത്തിരുന്നു. നടപടി എടുത്താല്‍ വിജയ് ബാബു ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു നടനെ അനുകൂലിക്കുന്നവര്‍ വാദിച്ചത്. ദീര്‍ഘനേരത്തെ ചര്‍ച്ചയ്ക്ക് ശേഷം നടപടിയിലേക്ക് നീങ്ങാതെ വിജയ് ബാബു സംഘടനയ്ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിരപരാധിത്വം തെളിയും വരെ മാറ്റി നിര്‍ത്തണമെന്ന് വിജയ് ബാബു തന്നെ അമ്മയ്ക്ക് മെയില്‍ അയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അമ്മ നിര്‍വാഹക സമിതി യോഗം തീരുമാനമെടുത്തത്.
വിജയ് ബാബു ഇരയുടെ പേര് പറഞ്ഞതില്‍ നടപടി വേണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അമ്മ നിലവില്‍ എടുത്തിരിക്കുന്നത് അച്ചടക്ക നടപടിയല്ലെന്നും മാല പാര്‍വതി പറഞ്ഞിരുന്നു
എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും വിജയ് ബാബു സ്വമേധയാ മാറുന്നു എന്നാണ് അമ്മ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. മാറി നില്‍ക്കാന്‍ അമ്മ ആവശ്യപ്പെട്ടു എന്ന വാക്കില്ല. അമ്മയുടെ ഈ തീരുമാനത്തെ ഐ.സി.സി മെമ്പറായി ഇരുന്ന് കൊണ്ട് അംഗീകരിക്കാന്‍ കഴിയില്ല. അതൊരു തെറ്റായ നടപടിയാണ്. അതുകൊണ്ട് ഖേദപൂര്‍വം രാജിസമര്‍പ്പിക്കുകയായിരുന്നുവെന്നാണ് മാല പാര്‍വതി മാധ്യമങ്ങളോട് പ്രതികരിച്ചത്.
അമ്മയുടെ നിലപാടില്‍ ശ്വേത മേനോനും കുക്കു പരമേശ്വരനും അമര്‍ഷമുണ്ടെന്നും അവരും രാജിക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മാലാ പാര്‍വതി ഇന്നലെ പറഞ്ഞിരുന്നു.
വിജയ് ബാബുവിനെതിരെ ആക്ഷന്‍ എടുക്കുമെന്ന് പറഞ്ഞാണ് അന്ന് അമ്മയുമായുള്ള മീറ്റിങ് അവസാനിച്ചത്.
എന്നാല്‍ ഇപ്പോള്‍ ‘നിങ്ങള്‍ പറഞ്ഞത് അനുസരിച്ച് അദ്ദേഹം മാറിയല്ലോ’ എന്നാണ് പറഞ്ഞത്. പക്ഷേ സമൂഹത്തിലേക്ക് പോകുന്ന മെസ്സേജ് അങ്ങനെയല്ല. അമ്മ ആവശ്യപ്പെട്ടിട്ട് രാജിവെച്ചു എന്നൊരു വാക്ക് ആ പ്രസ് റിലീസില്‍ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഒരു രാജിയിലേക്ക് ഞാന്‍ പോകില്ലായിരുന്നു. ഐ.സി.സി മെമ്പര്‍ ആയിരുന്നുകൊണ്ട് ആ തീരുമാനത്തെ പിന്തുണയ്ക്കാന്‍ നമുക്കാവില്ല.
പെണ്‍കുട്ടിയുടെ പരാതി കിട്ടിയില്ലല്ലോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ സ്വമേധയാ കേസെടുക്കാമെന്ന് നിയമത്തിലുണ്ട്. അതുകൊണ്ടാണ് വിജയ് ബാബുവിനെ മാറ്റാന്‍ ഞങ്ങള്‍ നിര്‍ദേശിച്ചത്, മാല പാര്‍വതി പറഞ്ഞു.
Content Highlights: Vijay Babu Case survivor’s response