| Thursday, 7th April 2022, 12:35 pm

ആ സ്‌ക്രിപ്റ്റ് മമ്മൂക്കയുടെ അടുത്തേക്ക് കൊടുത്തുവിടാന്‍ പോലും എനിക്ക് തോന്നിയില്ല; കോട്ടയം കുഞ്ഞച്ചനെ കുറിച്ച് വിജയ് ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നത് വലിയ ആവേശത്തോടെയായിരുന്നു ആരാധകര്‍ കേട്ടത്. ആട് 2 വിന്റെ വിജയാഘോഷത്തിനിടെയായിരുന്നു കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പ്രഖ്യാപിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്.

എന്തുകൊണ്ട് ചിത്രവുമായി മുന്നോട്ടു പോയില്ല എന്ന കാര്യം പറയുകയാണ് നിര്‍മാതാവും നടനുമായ വിജയ് ബാബു. കോട്ടയം കുഞ്ഞച്ചന്‍ പോലൊരു സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ 100 ശതമാനവും തൃപ്തിയുള്ളൊരു തിരക്കഥയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ വായിച്ച തിരക്കഥ അത്തരത്തില്‍ ഒന്നായിരുന്നില്ലെന്നും വിജയ് ബാബു പറഞ്ഞു.

വലിയ ക്യാന്‍വാസില്‍ കോട്ടയം കുഞ്ഞച്ചന്‍ ചെയ്യാനായിരുന്നു പ്ലാന്‍ ചെയ്തത്. പക്ഷേ കഥ 100 ശതമാനം തൃപ്തി തന്നാല്‍ മാത്രമേ ചെയ്യുള്ളൂ എന്ന് തീരുമാനിച്ചിരുന്നു. പലരും എന്നോട് ചോദിക്കാറുണ്ട് അത് അനൗണ്‍സ് ചെയ്തിട്ട് എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന്.

മമ്മൂക്കയുടെ ലൈഫിലെ ഏറ്റവും ക്ലാസിക്കായുള്ള ഒരു കഥാപാത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. അത് നമ്മള്‍ അപ്രോച്ച് ചെയ്യുമ്പോള്‍ 100 ശതമാനം കോണ്‍ഫിഡന്‍സ് ആ സ്‌ക്രിപ്റ്റില്‍ ഉണ്ടെങ്കില്‍ മാത്രമേ അത് അപ്രോച്ച് ചെയ്യാന്‍ പാടുള്ളൂ. ഇല്ലെങ്കില്‍ നമ്മള്‍ അത് ചെയ്യരുത്.
അത് നമ്മള്‍ ഇന്‍സ്‌സ്ട്രിയോട് ചെയ്യുന്ന തെറ്റാണ്.

പലവട്ടം നമ്മള്‍ റിവൈസ് ചെയ്ത് ആ സ്‌ക്രിപ്റ്റ് വായിച്ചിട്ടും ആ രീതിയില്‍ സ്‌ക്രിപ്റ്റ് ലാന്‍ഡ് ചെയ്യാന്‍ പറ്റിയിട്ടില്ല. അതുകൊണ്ട് ഞാന്‍ ആ സ്‌ക്രിപ്റ്റ് ഞാന്‍ മമ്മൂക്കയുടെ അടുത്ത് കൊടുത്തു വിട്ടുപോലുമില്ല. കാരണം അങ്ങനെ ചെയ്യാന്‍ പാടില്ല. തത്ക്കാലം അത് ഹോള്‍ഡിലാണ്. നല്ല കഥ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. വിജയ് ബാബു പറഞ്ഞു.

നമ്മള്‍ ഒരു ചെറിയ പ്രൊജക്ട് ചെയ്യുമ്പോള്‍ അത് ചെറിയ പ്രൊജക്ട് ആണ് എന്ന് പറഞ്ഞ് തന്നെ ചെയ്യണമെന്നും നമ്മള്‍ ഉണ്ടാക്കുന്ന പ്രൊഡക്ടിനെ അത് എന്താണോ അങ്ങനെ തന്നെ മാര്‍ക്കറ്റ് ചെയ്യണമെന്നും വിജയ് ബാബു പറഞ്ഞു. ഒരു ചെറിയ സാധനം എടുത്തിട്ട് വലുതാണെന്ന് പറഞ്ഞ് മാര്‍ക്കറ്റ് ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

ഫ്രൈഡേ ഫിലിംസ് കുറച്ച് കൂടി വലിയ സിനിമകള്‍ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. സത്യന്‍ സാറിന്റെ ബയോപിക് പ്ലാന്‍ ചെയ്യുന്നുണ്ട്. അതുപോലെ ആട് 3 വലിയ കാന്‍വാസിലാണ് ചെയ്യുന്നത്.

ഇതിനൊപ്പം തന്നെ പുതിയ സംവിധായകരുടെ ചെറിയ സിനിമകള്‍ ചെയ്യാനാണ് ഫ്രൈഡേ ഏക്‌സ്പിരിമെന്റ്‌സ് എന്ന ബാനറിലൂടെ ഉദ്ദേശിക്കുന്നത്. അത്തരത്തിലുള്ള കഥകള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ജനമൈത്രിയും സുല്ലും ചെയ്തു. ഫ്രൈഡേ ഫിലിം ഹൗസില്‍ വാലാട്ടിയും തീര്‍പ്പുമാണ് ഇനി വരാനുള്ളത്. അത് കുറച്ചുകൂടി വലിയ സിനിമയാണ്. പൃഥ്വിരാജും ഇന്ദ്രജിത്തും സൈജുവും ഞാനും എല്ലാമുണ്ട്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് മുരളി ഗോപി തിരക്കഥ ചെയ്യുന്ന സിനിമയാണ്. ലൂസിഫറിന് ശേഷമുള്ള മുരളിയുടെ സ്‌ക്രിപ്റ്റാണ് അത്, വിജയ് ബാബു പറഞ്ഞു.

തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ചലഞ്ചിങ്ങായ കഥാപാത്രമാണ് തീര്‍പ്പിലേതെന്നും കൂടുതല്‍ വിവരങ്ങള്‍ പറയുന്നില്ലെന്നും ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുകയാണെന്നും വിജയ് ബാബു പറഞ്ഞു.

Content Highlight: Vijay Babu about Mammootty and Kottayam Kunhachan script

We use cookies to give you the best possible experience. Learn more