Advertisement
Entertainment
'ദളപതി എന്‍ട്രി' യില്‍ ആവേശക്കടലായി തലസ്ഥാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 18, 12:49 pm
Monday, 18th March 2024, 6:19 pm

തന്റെ പുതിയ ചിത്രമായ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്റെ ചിത്രീകരണത്തിനായി തമിഴ് നടന്‍ വിജയ് തലസ്ഥാനത്തെത്തിയിരിക്കുകയാണ്. ഇഷ്ടനടനെ സ്വീകരിക്കാനും ഒരുനോക്ക് കാണാനുമായി പതിനായിരക്കണക്കിന് ആളുകളാണ് എയര്‍പോര്‍ട്ടില്‍ തടിച്ചുകൂടിയത്. ആരാധകരെ കൈകൂപ്പി വണങ്ങിയ ശേഷം താരം ലൊക്കേഷനിലേക്ക് തിരിച്ചു.

13 വര്‍ഷത്തിന് ശേഷമാണ് താരം കേരളത്തിലേക്കെത്തുന്നത്. 2011ല്‍ കാവലന്‍ എന്ന സിനിമയുടെ ഷൂട്ടിന് വേണ്ടിയാണ് ഒടുവിലായി താരം കേരളത്തില്‍ എത്തിയത്. നിയന്ത്രിക്കാനാകാത്ത ജനക്കൂട്ടം അന്നും ഉണ്ടായിരുന്നു. 13 വര്‍ഷങ്ങള്‍ക്കിപ്പുറവും താരത്തിന്റെ ഫാന്‍സ് പവറിന് ഒട്ടും കുറവില്ല എന്നാണ് ഇന്നത്തെ ജനക്കൂട്ടം തെളിയിച്ചത്.

വിജയ് വരുന്നത് കാണാന്‍ രാവിലെ മുതല്‍ വന്‍ ജനാവലി തന്നെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളാണ് തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. തിരുവനന്തപുരം എയര്‍പോര്‍ട്ട്, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. 18 ദിവസത്തെ ഷൂട്ടാണ് തിരുവനന്തപുരത്ത് ഉണ്ടാവുക.

തമിഴക വെട്രി കഴകം എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച ശേഷം വിജയ് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിനുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്കും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

സയന്‍സ് ഫിക്ഷന്‍ ഴോണറില്‍ പെടുന്ന ചിത്രമാണെന്ന സൂചനകള്‍ പോസ്റ്ററിലുണ്ട്. ജയറാം, സ്‌നേഹ, പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീര്‍, മീനാക്ഷി ചൗധരി, പ്രേംജി അമരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം.

Content Highlight: Vijay arrived at Trivandrum for shooting