| Friday, 2nd February 2024, 2:39 pm

'അത് എന്റെ അവസാന സിനിമയാകും' മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊരുങ്ങി വിജയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴില്‍ ഏറ്റവും ആരാധകരുള്ള സിനിമാതാരമാണ് വിജയ്. 30 വര്‍ഷത്തെ സിനിമാ ജീവിതത്തിന് ശേഷം സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ്. തമിഴക വെട്രി കഴകം എന്നാണ് തന്റെ പാര്‍ട്ടിക്ക് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ചെന്നൈയില്‍ ചേര്‍ന്ന ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് തന്റെ അസോസിയേഷനായ വിജയ് മക്കള്‍ ഇയക്കത്തിനെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് താരം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇതിനോടൊപ്പം സിനിമാജീവിതം അവസാനിപ്പിക്കുന്നു എന്ന സൂചനയും താരം പങ്കുവെച്ചു. ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ള സിനിമകള്‍ക്ക് ശേഷം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങുമെന്ന് താരം പറഞ്ഞു. ‘എന്നെ സംബന്ധിച്ച് രാഷ്ട്രീയം എന്നത് വെറൊരു തൊഴില്‍ അല്ല. അതൊരു വിശുദ്ധമായ സാമൂഹ്യസേവനമാണ്. രാഷ്ട്രീയത്തില്‍ ഉയരങ്ങള്‍ കീഴടക്കല്‍ മാത്രമല്ല, ഒട്ടേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് എന്റെ മുന്‍ഗാമികളായ പലരുടെയും അടുത്തുനിന്ന് പാഠങ്ങള്‍ പഠിച്ച്, നീണ്ടകാലമായി എന്നെ ഉള്‍മനസില്‍ തയാറാക്കി, മനസ്സിനെ പാകപ്പെടുത്തിക്കൊണ്ട് വരികയാണ്.

അതുകൊണ്ട് രാഷ്ട്രീയം എനിക്ക് ഒരു വിനോദമല്ല. അത് എന്റെ ആഴത്തിലുള്ള അന്വേഷണമാണ്. അതില്‍ എന്നെ മുഴുവനായി ഇടപെടുത്താന്‍ ആഗ്രഹിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയില്‍ മുന്നേ ഏറ്റെടുത്തിട്ടുള്ള സിനിമ പൂര്‍ത്തിയാക്കിയ ശേഷം പൊതുജനസേവനത്തിന് വേണ്ടി മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിനായി ഇറങ്ങുന്നതാണ്. തമിഴ് ജനതക്കുള്ള എന്റെ കടപ്പാടായി ഞാന്‍ അതിനെ കാണുന്നു’ വിജയ് തന്റെ ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ കുറിച്ചു.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. താരത്തിന്റെ 68ാം സിനിമയാണിത്. ഇതിന് ശേഷം അഭിനയം നിര്‍ത്തുമോ അതോ 69ാമത്തെ സിനിമയോടെ സിനിമാജീവിതം നിര്‍ത്തുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. ഈ വര്‍ഷം വരുന്ന പാര്‍ലമെന്റ് ഇലക്ഷന് പാര്‍ട്ടി മത്സരിക്കില്ലെന്നും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വിജയ് വ്യക്തമാക്കി. സിനിമാ കരിയറില്‍ റെക്കോര്‍ഡുകള്‍ വെട്ടിപ്പിടിച്ച് തമിഴ് സിനിമാ ലോകത്തിന്റെ ദളപതിയായി മാറിയ വിജയ് രാഷ്ട്രീയത്തിലും ദളപതിയാകുമോ എന്ന് ഉറ്റുനോക്കുകയാണ് സിനിമാലോകം.

Cpontnet Highlight: Vijay Announces his retirement from cinema

We use cookies to give you the best possible experience. Learn more