Film News
28 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നം ചിത്രത്തില്‍ 'ചിരവൈരികള്‍' ഒന്നിക്കുന്നു; ഏപ്രില്‍ ഫൂളെന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 01, 09:31 am
Saturday, 1st April 2023, 3:01 pm

ആരാധകരുടെ ഭാഷയില്‍ കോളിവുഡിലെ ചിരവൈരികളാണ് ദളപതി വിജയ്‌യും അജിത്തും. ഇരുവരുടെയും ചിത്രങ്ങള്‍ ക്ലാഷ് റിലീസിനെത്തിയാല്‍ പിന്നെ ആരാധകര്‍ക്കിടയില്‍ ഒരു ‘യുദ്ധപ്രതീതി’ തന്നെയാവും അത് സൃഷ്ടിക്കുക. കോളിവുഡിനെ മാത്രമല്ല, തെന്നിന്ത്യയെയാകെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിനായി വിജയ്‌യും അജിത്തും ഒന്നിക്കുന്നു എന്ന വാര്‍ത്ത ഫിലിം കംപാനിയനാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇത് വിശ്വസിക്കാന്‍ തങ്ങള്‍ക്കും പ്രയാസമാണെന്നായിരുന്നു റിപ്പോര്‍ട്ടിനൊപ്പം ഫിലിം കംപാനിയന്‍ കൂട്ടിച്ചേര്‍ത്തത്. പൊന്നിയിന്‍ സെല്‍വന് ശേഷം ഈ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് മണിരത്‌നം കടക്കും. ചിത്രത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

അതേസമയം ഈ വാര്‍ത്ത അസംഭവ്യമാണെന്നും ഏപ്രില്‍ ഫൂളില്‍ തങ്ങളെ പറ്റിക്കാന്‍ നോക്കണ്ടെന്നുമാണ് ആരാധകരുടെ പ്രതികരണം. 1995ല്‍ പുറത്ത് വന്ന രാജാവിന്‍ പിള്ളൈ എന്ന ചിത്രത്തില്‍ മാത്രമാണ് അജിത്തും വിജയ്‌യും ഇതിന് മുമ്പ് ഒന്നിച്ച് അഭിനയിച്ചത്.

വാരിസ്, തുനിവ് എന്നിവയാണ് യഥാക്രമം വിജയ്‌യുടെയും അജിത്തിന്റേതുമായി ഒടുവില്‍ റിലീസ് ചെയ്തത്. ക്ലാഷ് റിലീസായി എത്തിയ ഇരുചിത്രങ്ങളും ജനുവരി 11ന് ആണ് റിലീസ് ചെയ്തത്. അതേസമയം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ഏപ്രിലില്‍ റിലീസിനെത്തുകയാണ്.

Content Highlight: vijay and Ajith team up for the film directed by Mani Ratnam