മലയാള സിനിമയെ കുറിച്ച് മനസ് തുറന്ന് നടന്‍ വിജയ്. മലയാളത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട ഘടകങ്ങളെ കുറിച്ചും നടന്മാരെ കുറിച്ചും സംവിധായകരെ കുറിച്ചും വിജയ് ഒരു അഭിമുഖത്തില്‍ സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
മലയാള സിനിമകള്‍ വളരെ റിയലിസ്റ്റാകാണെന്ന് പറഞ്ഞ വിജയ്, മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും തനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ കുറിച്ചും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
മലയാളത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട സംവിധായകന്‍ സിദ്ദിഖാണെന്നും അദ്ദേഹത്തിന്റെ ചിത്രമായ ഫ്രണ്ട്‌സിലെ തമാശകളോര്‍ത്ത് താനിപ്പോഴും ചിരിക്കാറുണ്ടെന്നും വിജയ് പറഞ്ഞു.
‘മലയാള സിനിമകള്‍ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. വളരെ റിയലിസ്റ്റികാണ്. അതാണ് എനിക്ക് മലയാള സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്.
സംവിധായകര്‍ പറഞ്ഞുകൊടുക്കുന്നതായാലും അഭിനേതാക്കള്‍ അത് ചെയ്യുന്നതായാലും എല്ലാം വളരെ റിയലായി അനുഭവപ്പെടും.
കുറെ പേരുടെ അഭിനയം വളരെ ഇഷ്ടമാണ്. മോഹന്‍ലാല്‍ സാര്‍ വളരെ ഈസിയായി തമാശയൊക്കെ പറഞ്ഞ് കളിയാക്കിയെല്ലാം അഭിനയിക്കുന്ന തരം കഥാപാത്രങ്ങള്‍ ഇഷ്ടമാണ്. മോഹന്‍ലാലിന്റെ അങ്ങനെയുള്ള സിനിമകള്‍ കാണാന്‍ ഇഷ്ടമാണ്.
വളരെ ശക്തമായ കഥാപാത്രങ്ങളും ഏതെങ്കിലും സന്ദേശം നല്‍കുന്ന കഥാപാത്രങ്ങളുമാണെങ്കില്‍ മമ്മൂട്ടിയുടെ സിനിമകളാണ് ഇഷ്ടം. അത്തരത്തിലുള്ള മമ്മൂട്ടി ചിത്രങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട്.
സിദ്ദിഖ് സാറാണ് എനിക്ക് ഏറെ ഇഷ്ടമുള്ള സംവിധായകന്‍. ഫ്രണ്ട്‌സ് ചെയ്തത് അദ്ദേഹമാണ്. ഇപ്പോഴും ആളുകള്‍ ഓര്‍ത്തുചിരിക്കുന്ന കോമഡികളുള്ള ചിത്രമാണത്. വീട്ടില്‍ പെയിന്റടിക്കുന്ന രംഗങ്ങളിലെ ആ തമാശകളെല്ലാം ഓര്‍ക്കുമ്പോള്‍ തന്നെ എനിക്ക് ഇപ്പോഴും ചിരി വരും,’ വിജയ് പറഞ്ഞു.