| Friday, 29th November 2024, 5:16 pm

ആവേശം പോലെ കോമഡിയും മാസും ചേര്‍ന്നൊരു സിനിമ തമിഴിലെ ആ സൂപ്പര്‍സ്റ്റാറിനെ വെച്ച് ആലോചിച്ചിരുന്നു: വിഘ്‌നേശ് ശിവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് വിഘ്‌നേശ് ശിവന്‍. സിലമ്പരസനെ നായകനാക്കി പോടാ പോടി എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേശ് സിനിമാജീവിതം ആരംഭിച്ചത്. ആദ്യചിത്രം വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും രണ്ടാമത്തെ ചിത്രമായ നാനും റൗഡി താന്‍ മികച്ച വിജയം സ്വന്തമാക്കി. പിന്നീട് താനാ സേര്‍ന്ത കൂട്ടം, കാത്തുവാക്കുല രണ്ട് കാതല്‍ എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി.

തമിഴ് സൂപ്പര്‍താരം അജിത്തും താനും തമ്മിലുള്ള പ്രൊജക്ടിനെപ്പറ്റി സംസാരിക്കുകയാണ് വിഘ്‌നേശ് ശിവന്‍. നാനും റൗഡി താന്‍ എന്ന സിനിമയിലെ വിജയ് സേതുപതിയുടെ കഥാപാത്രം അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടുവെന്ന് തന്നോട് പറഞ്ഞിരുന്നുവെന്ന് വിഘ്‌നേശ് ശിവന്‍ പറഞ്ഞു. ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താലില്‍ താന്‍ ഒരു പാട്ട് എഴുതിയിരുന്നെന്നും ആ സമയത്താണ് അജിത് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും വിഘ്‌നേശ് കൂട്ടിച്ചേര്‍ത്തു.

നാനും റൗഡി താനിലെ പാര്‍ത്ഥിപന്‍ എന്ന കഥാപാത്രം അജിത്തിന് ഇഷ്ടമായെന്നും അതുപോലുള്ള കഥാപാത്രം ചെയ്യാന്‍ ഇഷ്ടമാണെന്ന് തന്നോട് സൂചിപ്പിച്ചിരുന്നെന്നും വിഘ്‌നേശ് പറഞ്ഞു. പിന്നീട് അജിത്തിന് വേണ്ടി ഒരു കഥയെഴുതാന്‍ അവസരം കിട്ടിയപ്പോള്‍ താന്‍ അതുപോലെ ഒരു കഥ ചെയ്‌തെന്നും എന്നാല്‍ നിര്‍മാതാക്കള്‍ക്ക് അദ്ദേഹത്തെ വെച്ച് വെറൈറ്റി സബ്ജക്ട് ചെയ്യാന്‍ താത്പര്യമില്ലായിരുന്നെന്നും വിഘ്‌നേശ് കൂട്ടിച്ചേര്‍ത്തു.

ആവേശം സിനിമ കണ്ടപ്പോള്‍ തന്റെ സ്‌ക്രിപ്റ്റുമായി അതിന് ചില സാമ്യതകള്‍ തോന്നിയെന്നും അജിത്തിനെ വെച്ച് അത്തരത്തില്‍ ഒരു സിനിമയാണ് തന്റെ മനസിലുള്ളതെന്നും വിഘ്‌നേശ് പറഞ്ഞു. അജിത്തിനെ പോലൊരു സൂപ്പര്‍താരം കോമഡിയും മാസും ഒരുപോലെ മിക്‌സ് ആയിട്ടുള്ള ചിത്രം ചെയ്യുക എന്നത് പ്രേക്ഷകര്‍ക്കും പുതുമയായിരിക്കുമെന്ന് വിഘ്‌നേശ് കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നാനും റൗഡി താന്‍ എന്ന സിനിമയാണ് എന്നെ അജിത് സാറിന്റെയടുത്തേക്ക് എത്തിച്ചത്. ആ സിനിമയിലെ പാര്‍ത്ഥിബന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായി എന്ന് പറഞ്ഞിരുന്നു. അത് അദ്ദേഹം പറഞ്ഞത് ഗൗതം മേനോന്‍ സാര്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന സിനിമയുടെ സമയത്താണ്. ആ പടത്തില്‍ ഞാന്‍ ഒരു പാട്ട് എഴുതിയിരുന്നു.

പാര്‍ത്ഥിബനെപ്പോലെ ഒരു കഥാപാത്രം കിട്ടിയാല്‍ ചെയ്യാമെന്ന് അജിത് സാര്‍ അന്ന് പറഞ്ഞിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് വേണ്ടി ഒരു കഥ എഴുതേണ്ട അവസരം ലഭിച്ചു. അന്ന് അജിത് സാര്‍ പറഞ്ഞ രീതിക്ക് ഒരു കഥ തയാറാക്കി. എന്നാല്‍ നിര്‍മാതാക്കള്‍ക്ക് അതിനോട് താത്പര്യമുണ്ടായിരുന്നില്ല. അജിത് സാറിനെപ്പോലെ ഒരു സൂപ്പര്‍താരത്തിന് വേണ്ട രീതിയില്‍ കഥയുണ്ടാക്കാന്‍ എന്നോട് ആവശ്യപ്പെട്ടു.

ഈയിടെ റിലീസായ ആവേശം എന്ന മലയാളസിനിമ ഞാന്‍ കണ്ടിരുന്നു. എന്റ കംഫര്‍ട്ട് സോണില്‍ ഒതുങ്ങുന്ന സിനിമയാണത്. അതുപോലൊരു സിനിമയാണ് അജിത് സാറിന് വേണ്ടിയിരുന്നത്. കോമഡിയും മാസും ഇമോഷനുമെല്ലാം കറക്ട് മീറ്ററില്‍ ചെയ്ത് ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് നന്നായി സാധിക്കും എന്നാണ് എന്റെ വിശ്വാസം,’ വിഘ്‌നേശ് ശിവന്‍ പറയുന്നു.

Content Highlight: Vignesh Sivan says that he planned to do a movie like Aavesham with Ajith Kumar

We use cookies to give you the best possible experience. Learn more