| Tuesday, 15th August 2023, 10:19 am

രജിനികാന്തിന് മകന്‍ ഉണ്ടെങ്കില്‍ അനിരുദ്ധിനെ ഓര്‍ത്ത് അസൂയപ്പെടും: വിഘ്നേശ് ശിവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ തിയേറ്ററില്‍ വമ്പന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ജയിലറിലെ ഗാനങ്ങള്‍ എല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചവയായിരുന്നു.

രജിനികാന്തിന്റെ വലിയ ആരാധകന്‍ കൂടിയായ അനിരുദ്ധ് രവിചന്ദ്രര്‍ ജയിലര്‍ ഓഡിയോ ലോഞ്ചില്‍ ഉള്‍പ്പടെ പെര്‍ഫോമന്‍സ് നടത്തിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതുമാണ്.

ഇപ്പോഴിതാ സംവിധായകനും ഗാനരചയിതാവുമായ വിഘ്നേശ് ശിവന്‍ ‘അനിരുദ്ധിന്റെ തലൈവര്‍ ആരാധനയെ’ പറ്റി ജയിലര്‍ ഓഡിയോ ലോഞ്ചില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

രജിനികാന്തിന് രണ്ട് പെണ്മക്കള്‍ ഉണ്ടായത് കൊണ്ട് കുഴപ്പമില്ല. ഒരു മകന്‍ ഉണ്ടായിരുന്നുവെങ്കില്‍ അനിരുദ്ധിന്റെ രജിനികാന്ത് ആരാധന കണ്ട് അസൂയപ്പെട്ടു പോയേനെ എന്നാണ് വിഘ്നേഷ് ശിവന്‍ പറഞ്ഞത്.

ജയിലറിലെ ‘രത്തമാരെ’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിഘ്നേഷ് ശിവന്‍ ആണ്.

രജിനികാന്തിന് വേണ്ടി സംഗീത സംവിധാനം ചെയ്യുമ്പോള്‍ അനിരുദ്ധിന്റെ ആത്മാര്‍ഥതയും സ്‌നേഹവും വളരെ കൂടുതല്‍ ആണെന്നും അത് അദ്ദേഹത്തിന്റെ രജിനി ആരാധനയുടെ തെളിവ് ആണെന്നും വിഘ്നേഷ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അതേസമയം സകല കളക്ഷന്‍ റെക്കോഡുകളും തിരുത്തി മുന്നേറുകയാണ് ജയിലര്‍. ചിത്രത്തിന്റെ അഞ്ച് ദിവസത്തെ തമിഴ്‌നാട്ടില്‍ നിന്ന് മാത്രമുള്ള ഗ്രോസ് 122.83 കോടി രൂപയാണ്.

ആന്ധ്രയിലും തെലങ്കാനയിലും നിന്നായി 30 കോടി രൂപയും, കേരളത്തില്‍ നിന്ന് 23.65 കോടിയും ചിത്രം നാല് ദിവസം കൊണ്ട് സ്വന്തമാക്കിയിരുന്നു.

കര്‍ണാടകയില്‍ നിന്ന് ചിത്രത്തിന് നാല് ദിവസം കൊണ്ട് നേടാനായത് 26.5 കോടി രൂപയാണ്. നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് ജയിലര്‍ 4.8 കോടി രൂപയും സ്വന്തമാക്കി.

കേരളത്തില്‍ ചിത്രത്തിന് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം റിലീസ് ചെയ്ത ശേഷമുള്ള ആദ്യത്തെ ഞായറാഴ്ച ചിത്രം 6.85 കോടി രൂപ ചിത്രം സ്വന്തമാക്കിയിരുന്നു. തിങ്കളാഴ്ച ചിത്രം കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വരാനിരിക്കുന്നതെയുള്ളൂ.

വിദേശത്തും ജയിലറിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിക്കുന്നത്. വമ്പന്‍ കളക്ഷനാണ് രജിനി ചിത്രം വിദേശ രാജ്യങ്ങളിലും സ്വന്തമാക്കുന്നത്. ഇന്നത്തെ സ്വാതന്ത്ര്യ ദിന അവധിയും ചിത്രത്തിന് ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Vignesh Shivan says that Anirudh Ravichander is a big fan boy of rajanikanth

We use cookies to give you the best possible experience. Learn more