തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലന്‍സ് അന്വേഷണം. പ്രളയശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പുനര്‍ജനി പദ്ധതിയില്‍ കേന്ദ്ര അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം പിരിച്ചുവെന്നാണ് പരാതി.
2018 പ്രളയശേഷം വിദേശത്ത് നിന്നും പണപ്പിരിവ് നടത്തുകയും പറവൂര്‍ മണ്ഡലത്തില്‍ പുനര്‍ജനിയെന്ന പുനരധിവാസ പദ്ധതി നടപ്പിലാക്കുകയും ചെയ്‌തെന്നാണ് സതീശതിനെതിരായ പരാതി. വിദേശത്ത് നിന്നും പണപ്പിരിവ് നടത്തിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചട്ടം ലംഘിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ചാലിക്കുടിയിലെ കാദിക്കൂടം ആക്ഷന്‍ കൗണ്‍സിലാണ് പരാതി നല്‍കിയിരിക്കുന്നത്.
ഒരു വര്‍ഷം മുന്‍പ് പരാതിയില്‍ രഹസ്യാന്വേഷണം നടത്തുകയും വി.ഡി. സതീശനെതിരെ കേസെടുക്കുന്നതില്‍ സ്പീക്കറുടെ അനുമതി തേടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ തന്റെ അനുമതി ആവശ്യമില്ലെന്ന് സ്പീക്കര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയാണ് സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഇന്ന് ഉത്തരവിട്ടത്.
വിദേശത്ത് നിന്നും പണപ്പിരിവ് നടത്തി സംസ്ഥാനത്തെ മണ്ഡലത്തില്‍ വിദേശപ്പണം ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് വിജിലന്‍സ് അന്വേഷിക്കും. സതീശന്റെ വിദേശയാത്രകളെ കുറിച്ചും അന്വേഷിക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷം ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെങ്കില്‍ ഡയറക്ടര്‍ക്ക് വീണ്ടും സര്‍ക്കാരിനോട് അനുമതി തേടാനാകും.
ഏത് സംഘടനയില്‍ നിന്നാണ് പണപ്പിരിവ് നടത്തിയത്, പണം സംസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ അനുമതി തേടിയിരുന്നോ, ഏത് സംഘടനയാണ് സഹായിച്ചത് തുടങ്ങിയവയെല്ലാം അന്വേഷിക്കും.
Content higlight: vigilence investigation against v d satheeshan