തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് ഡെപ്യൂട്ടി മാനേജര്‍ ജി.വേണുഗോപാലിനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. സിമന്റ് ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
എറണാകുളം, മലപ്പുറം ജില്ലകളിലെ സിമന്റ് ഡീലര്‍മാര്‍ക്ക് ഇളവു നല്‍കിയതു വഴി 2.7 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസിലാണ് ഇദ്ദേഹത്തെ വിജിലന്‍സ് അറസ്റ്റു ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയശേഷം അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.
ഈകേസില്‍ രണ്ടാം പ്രതിയാണ് ജി. വേണുഗോപാല്‍. മലബാര്‍ സിമന്റ്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാറാണ് ഒന്നാം പ്രതി.
മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ടു വിജിലന്‍സ് കേസുകളില്‍ പ്രതിയാണ് ജി. വേണുഗോപാല്‍. സിമന്റ് സംഭരണത്തിനായി വെയര്‍ഹൗസിങ് കോര്‍പ്പറേഷനുമായുണ്ടാക്കിയ കരാറില്‍ 2.2 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നതാണ് വേണുഗോപാലിനെതിരെയുള്ള മറ്റൊരു കേസ്.
ഈ കേസില്‍ വേണുഗോപാലിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.