അഴിമതിക്കേസ്; മലബാര്‍ സിമന്റ്‌സ് എം.ഡി കെ. പത്മകുമാര്‍ അറസ്റ്റില്‍
Daily News
അഴിമതിക്കേസ്; മലബാര്‍ സിമന്റ്‌സ് എം.ഡി കെ. പത്മകുമാര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th September 2016, 6:34 pm

 

വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സംഘം കെ. പത്മകുമാറടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും വസതികളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.


പാലക്കാട്: അഴിമതിക്കേസുമായി ബന്ധപ്പെട്ട് മലബാര്‍ സിമന്റ്‌സ് എം.ഡി കെ. പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. വൈകിട്ട് അഞ്ചോടെയാണ് ഡി.വൈ.എസ്.പി എം. സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ കൂടുതല്‍ തെളിവെടുക്കുന്നതിനായി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സംഘം കെ. പത്മകുമാറടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും വസതികളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മലബാര്‍ സിമന്റ്‌സ് എം.ഡി കെ. ത്മകുമാര്‍, ഡപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ ജി. വേണുഗോപാല്‍, ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ് എന്നിവരുടെ ഓഫിസുകളിലും വസതികളിലും ഗസ്റ്റ് ഹൗസിലുമായാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

മലബാര്‍ സിമന്റ്‌സിലേക്ക് ഫ്‌ളൈആഷ് ഇറക്കുമതി കരാറില്‍ വ്യവസായി വി.എം രാധാകൃഷ്ണന്റെ സ്ഥാപനത്തിന് നല്‍കിയ ബാങ്ക് ഗാരന്റി പുതുക്കാത്തതില്‍ം 50ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നതാണ് ആദ്യത്തെ കേസ്.

സിമന്റ് നല്‍കിയതിന് ചില ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ ഇളവ് നല്‍കിയതിലൂടെ 2.7 കോടിരൂപയുടെ നഷ്ടമുണ്ടായെന്നതാണ് രണ്ടാമത്തെ കേസിന് ആധാരം. രണ്ടു കേസുകളിലും 2015 ല്‍ ത്വരിതപരിശോധന പൂര്‍ത്തിയാക്കിയതാണ്.